വെള്ളപ്പൊക്ക ദുരിതാശ്വാസം തുർക്കി അയച്ച ദുരിതാശ്വാസ വസ്തുക്കൾ തന്നെ ഭൂകമ്പ ബാധിതർക്കായി തിരിച്ചയച്ച് പാകിസ്താൻ

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി മുൻപ് തുർക്കി പാകിസ്താനിലേക്ക് അയച്ച സാമഗ്രികൾ അതുതന്നെ തിരിച്ചയച്ച് പാകിസ്താൻ. പാക് മാധ്യമപ്രവർത്തകൻ ഷാഹിദ് മസൂദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധച്ച് വാർത്തകൾ റിപ്പോർട്ട് ചെയുന്നു.കഴിഞ്ഞ വർഷം പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവർക്കായി തുർക്കി അയച്ച ദുരിതാശ്വാസ സാമഗ്രികൾ, ഭൂകമ്പമുണ്ടായതിനു പിന്നാലെ തുർക്കിയിലേക്കുതന്നെ പാകിസ്താൻ രൂപം മാറ്റി അയച്ചെന്ന് പാക്ക് മാധ്യമപ്രവർത്തകൻ ഷാഹിദ് മസൂദ് വെളിപ്പെടുത്തി.പാകിസ്താനിലെ ജിഎൻഎൻ വാർത്താ ചാനലിലൂടെയാണ് ഷാഹിദിന്റെ വെളിപ്പെടുത്തൽ. ഭൂകമ്പം ബാധിച്ച തുർക്കിയിലേക്ക് സി–130 വിമാനത്തിലാണ് പാകിസ്താൻ ദുരിതാശ്വാസ സാമഗ്രികളും രക്ഷാദൗത്യ സംഘത്തെയും അയച്ചത്. തുർക്കി അയച്ച അതേ ദുരിതാശ്വാസ സഹായമാണ് പാകിസ്താൻ വീണ്ടും പായ്ക്ക് ചെയ്ത് തിരിച്ചയച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഭൂകമ്പ ബാധിത തുർക്കിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാ ദൗത്യവും നേരിട്ട് വിലയിരുത്തുന്ന സമയത്തു വന്ന ഈ ആരോപണം പാകിസ്താന് കനത്ത നാണക്കേടായി.