കോഴിക്കോട്∙ ഒൻപതാം ക്ലാസുകാരി ലഹരിക്കെണിയിൽ കുടുങ്ങിയ സംഭവത്തിനു പിന്നിൽ വൻ റാക്കറ്റെന്ന് അന്വേഷണ സംഘം. അഞ്ചു പേർക്കെതിരെ കേസെടുത്തു. ഒരാൾ പെൺകുട്ടിയുടെ അയൽവാസിയാണ്. പെൺകുട്ടിയെക്കൂടാതെ നാലു വിദ്യാർഥിനികൾക്കൂടി ലഹരി ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഇടപാടുകൾ നടന്നതെന്നും പൊലീസ് അറിയിച്ചു.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി കഴിഞ്ഞ അഞ്ചു മാസമായി സ്കൂളിൽ പോയിട്ടില്ല. രണ്ടു വർഷത്തെ ലഹരി ഉപയോഗത്തെ തുടർന്ന് കുട്ടിക്ക് മാനസിക പ്രശ്നമുണ്ടായി. മാനസികാവസ്ഥയിൽ മാറ്റമില്ലാതെ വന്നതോടെയാണ് മാതാപിതാക്കൾ പൊലീസിൽ പരാതിയുമായി എത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഓൺലൈൻ പഠനകാലത്താണ് പെൺകുട്ടിക്ക് മൊബൈൽ ഫോൺ കിട്ടുന്നത്. അതിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാം ഗ്രൂപ്പുണ്ടാകുന്നു. ഈ സ്കൂളിലെ തന്നെ നാലു പെൺകുട്ടികൾ കൂടി ഇതിൽ ഉൾപ്പെടുന്നു. ഇതിൽ രണ്ടു പെൺകുട്ടികൾ പ്ലസ്ടു പഠനം കഴിഞ്ഞ് സ്കൂൾ വിട്ടു. മറ്റു രണ്ടു പെൺകുട്ടികളുടെ പേരു മാത്രമേ പരാതിക്കാരി അന്വേഷണ സംഘത്തെ അറിയിച്ചിട്ടുള്ളൂ.
ആരാണ് പെൺകുട്ടികൾക്ക് ലഹരി എത്തിച്ചു നൽകുന്നത് എന്ന അന്വേഷണം പെൺകുട്ടിയുടെ വീടിന് അടുത്തുള്ള യുവാവിലാണ് എത്തിനിന്നത്. ഇയാൾക്കു പുറമേ നാലു പേർ കൂടി ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞു. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. ഇവരാണ് പെൺകുട്ടികളെ ഗ്രൂപ്പിൽ ചേർത്ത് എങ്ങനെ ലഹരി ഉപയോഗിക്കണമെന്ന് പഠിപ്പിച്ചു കൊടുത്തത്. ആദ്യം പെൺകുട്ടികൾക്ക് സൗജന്യമായി ലഹരി കൊടുക്കുകയും പിന്നീട് പെൺകുട്ടികളെ ക്യാരിയറാക്കി മാറ്റുകയും ചെയ്തു. യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ഇതോടെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് പറയുന്നത്.