വിവാഹഭ്യർഥന തള്ളി, 16കാരിയെ കത്തി കൊണ്ടു കുത്തി റോഡിലൂടെ വലിച്ചിഴച്ച് 47കാരൻ

റായ്പുർ∙ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്നു പതിനാറുകാരിയെ കത്തികൊണ്ട് ആക്രമിച്ചശേഷം മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് നാൽപ്പത്തേഴുകാരൻ. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ഓംകാർ തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിന്റെ വിഡിയോദൃശ്യങ്ങൾ പുറത്തുവന്നു. പെൺകുട്ടിയുടെ തലമുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചുകൊണ്ടു പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. മറുകയ്യിൽ ഓംകാർ കത്തി പിടിച്ചിരിക്കുന്നുണ്ട്.നഗരത്തിലെ ഗുധിയാരി ഏരിയയിലുള്ള ഓംകാർ തിവാരിയുടെ പലചരക്ക് കടയിലാണ് പെൺകുട്ടി ജോലി ചെയ്തിരുന്നത്. ശനിയാഴ്ച വൈകിട്ട് മദ്യപിച്ചെത്തിയ ഓംകാർ, പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വീട്ടുകാരോട് ബഹളം വയ്ക്കാൻ തുടങ്ങി. ഇയാൾ പെൺകുട്ടിയെ കത്തികൊണ്ട് ആക്രമിക്കുകയും കഴുത്തിൽ കുത്തുകയുമായിരുന്നു. ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയെ ഓംകാർ പിന്തുടർന്ന് പോയി മുടിയിൽ പിടിച്ച് വലിച്ചിഴച്ചു.

ഓംകാ‌റിന്റെ വിവാഹഭ്യർഥന പെൺകുട്ടി നിരസിച്ചതിനാലാണ് ആക്രമിച്ചതെന്ന് റായ്പുർ എസ്പി പ്രശാന്ത് അഗർവാൾ പറഞ്ഞു. ഇരുവരും തമ്മിൽ പണമിടപാട് സംബന്ധിച്ചും തർക്കമുണ്ടായിരുന്നെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും എസ്പി വ്യക്തമാക്കി.