ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റേതാണോ എന്നറിയാൻ മഞ്ജു വാര്യരെ ഇന്ന് വിസ്തരിക്കും

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റേത് തന്നെയാണോയെന്ന് ഉറപ്പിക്കാൻ മഞ്ജു വാര്യരെ വിചാരണ കോടതി ഇന്ന് വീണ്ടും വിസ്തരിക്കും. കേസിലെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത മഞ്ജുവിനെ വിസ്തരിക്കുന്നതിലൂടെ തെളിയിക്കാനാകുമെന്നാണ് കരുതുന്നത്.

മഞ്ജു വാര്യര്‍ അടക്കമുള്ളവരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന ആവശ്യവുമായി ദിലീപ് സമര്‍പ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.നടി മഞ്ജുവാര്യരെയും കാവ്യാമാധവന്റെ മാതാപിതാക്കളെയും വിസ്തരിയ്ക്കാനുള്ള നീക്കം കേസില്‍ തെളിവുകളുടെ വിടവ് നികത്താനാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നും തടയണമെന്നും ഹർജിയിൽ ദിലീപ് ചൂണ്ടിക്കട്ടിയിരുന്നു.തെളിവുകളുടെ വിടവ് നികത്താനല്ല ഇരയ്ക്ക് നീതി ഉറപ്പിയ്ക്കാനാണ് ശ്രമമെന്ന് സര്‍ക്കാര്‍ മറുപടിയായി വ്യക്തമാക്കുകയും ചെയ്തു.

ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ചറിയുന്നതിന് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്നും ഫെഡറൽ ബാങ്ക് ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുന്നതിന് കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കണമെന്നും പ്രോസിക്യുഷൻ വിചാരണ കോടതിയിൽ ആവശ്യമുന്നയിച്ചിരുന്നു.

കേസിൽ ആരെയൊക്കെ വിസ്തരിക്കണം എന്ന് തീരുമാനിക്കേണ്ടത് പ്രതിയാകരുതെന്ന അതിജീവിതയുടെ അഭിഭാഷകന്റെ നിലപാടിനെ അംഗീകരിച്ചുകൊണ്ട് സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്നും പ്രോസിക്യൂഷന് സാക്ഷി വിസ്താരം തുടരാമെന്നും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി വിചാരണ കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.കേസില്‍ നേരത്തേയും 34 മത്തെ സാക്ഷിയായ മഞ്ജുവിനെ വിസ്തരിച്ചിരുന്നു. ഇതിനിടെ വിചാരണ നടപടികള്‍ക്കുള്ള സമയം നീട്ടണമെന്ന അപേക്ഷ മാര്‍ച്ച് 24 ന് വീണ്ടും പരിഗണിക്കും.