പഞ്ചായത്ത് ഓഫീസ് ജീവനക്കാരെ അകത്താക്കി ഗേറ്റ് പൂട്ടി,കയ്യിൽ തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച യുവാവ് പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: വീടിന് സമീപത്തെ കനാൽ വെള്ളം തുറന്ന് വിടാൻ കഴിയാത്ത പഞ്ചായത്തും, വില്ലേജ് ഓഫീസും അടച്ചു പൂട്ടുക എന്ന പ്ലക്ക് കാർഡ് കയ്യിലേന്തി എത്തിയ വെങ്ങാനൂർ സ്വദേശി മുരുകൻ ജീവനക്കാരെ അകത്ത് ആക്കി ഗേറ്റ് പൂട്ടി തോക്കു ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു.വീടിന് സമീപത്തെ കനാലിലെ വെള്ളം തുറന്ന് വിടാൻ കഴിയാത്തതിൽ പ്രതിഷേധിച്ചാണ്‌ മുരുകൻ എയർഗണ്ണുമായി എത്തി എല്ലാവരെയും മുൾമുനയിൽ നിർത്തിയത്.

പല തവണ പരാതി നൽകിയിട്ടും പഞ്ചായത്തു് ഓഫീസോ വില്ലേജ് ഓഫീസോ ഒരു നടപടിയും എടുക്കാത്തതിലുള്ള അമർഷം ആരോപിച്ചാണ് പ്രതിഷേധം.കനാൽ വെള്ളം രണ്ടുവർഷമായി ലഭിക്കാത്തതിനാൽ കർഷകർ ഉൾപ്പടെ ബുദ്ധിമുട്ടിലാണ്.ഓഫീസിന് മുന്നിൽ എത്തിയ മുരുകൻ ഗേറ്റ് ഹെൽമെറ്റ് ലോക്ക് ഉപയോഗിച്ച് പൂട്ടി.ഇതോടെ മണിക്കൂറോളം ജീവനക്കാരും മിനി സ്റ്റേഷൻ ഓഫീസിൽ എത്തിയവരും ഭീതിയിലായി. സംഭവം അറിഞ്ഞെത്തിയ ബാലരാമപുരം പോലീസ് മുരുകനെയും എയർ ഗണ്ണും കസ്റ്റഡിയിലെടുത്തു.