ശിവ ശങ്കറിന്റെ മൊഴിയിൽ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇ ഡി നോട്ടീസ് നൽകി

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ് അയച്ചു.ലൈഫ് മിഷന്‍ പദ്ധതിയില്‍ റെഡ് ക്രസന്റുമായി കരാര്‍ ഒപ്പിട്ട ലൈഫ് മിഷന്‍ മുന്‍ സി ഇ ഒ യു വി ജോസിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

കരാറുകാരായ യൂണിടാക്കിനെയും സന്തോഷ് ഈപ്പനെയും യു വി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കര്‍ ആണെന്ന വിവരത്തെത്തുടർന്നാണ് യു.വി ജോസിനെ ചോദ്യം ചെയ്തത്.ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇ.ഡി തീരുമാനിച്ചിരിക്കുന്നത്.

ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും സ്വപ്നാ സുരേഷിന്റെയും പേരിലുള്ള ലോക്കറില്‍ നിന്ന് ഒരുകോടി രൂപ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.സ്വപ്‌ന സുരേഷും ശിവശങ്കറുമായുള്ള, പുറത്തുവന്ന വാട്‌സ്ആപ്പ് ചാറ്റുകളില്‍ സിഎം രവീന്ദ്രന്റെ കാര്യം പരാമര്‍ശിക്കുന്നുണ്ട്.