ന്യൂ ഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിനിടെ ബിജെപി-എഎപി കൗൺസിലർമാർ തമ്മിൽ കൂട്ടത്തല്ല്. ആറു സ്റ്റാൻഡിങ് കമ്മിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരു വോട്ട് അസാധുവായെന്ന മേയറുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ബിജെപി-എഎപി കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടിയത്.
സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കി സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കിടെ ബിജെപി കൗൺസിലർമാർ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് മേയർ ഷെല്ലി ഒബ്രോയ് ആരോപിച്ചു.സംഘർഷത്തിനിടെ ഒരു എഎപി കൗൺസിലർ കുഴഞ്ഞുവീണു.ആറ് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളിലേക്ക് തിങ്കളാഴ്ച വീണ്ടും തെരഞ്ഞെടുപ്പ് നടക്കുമെന്ന് മേയർ അറിയിച്ചു.
ബിജെപി-എഎപി അംഗങ്ങൾ പരസ്പരം ചെരുപ്പൂരി അടിക്കുകയും കുപ്പി,പഴങ്ങളുൾപ്പെടെ കയ്യിൽ കിട്ടിയതെല്ലാം വലിച്ചെറിയുകയും ചെയ്തു.ബിജെപി കൗൺസിലർമാർ മേയറെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് എഎപി ആരോപിച്ചു.തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് തോന്നിയപ്പോൾ ബിജെപി അംഗങ്ങൾ പ്രകോപിതരായി മേയറെ ആക്രമിക്കുകയായിരുന്നു. ഇത് എന്ത് പെരുമാറ്റമാണ്? ഇത് ലജ്ജാകരവും അപലപനീയവുമാണ്. രാജ്യം ഇത് കാണുന്നുണ്ട്. തങ്ങളുടെ തോൽവി ബിജെപി അംഗീകരിക്കണം. ബിജെപി അവരുടെ ഗുണ്ടായിസം അവസാനിപ്പിക്കണം. മേയറെ ആക്രമിച്ചവരെ ജയിലിൽ അയക്കുമെന്നും എഎപി എംഎൽഎ അതിഷി മർലേന പറഞ്ഞു
250 അംഗ കൗൺസിലിൽ 242 പേരാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്.ബിജെപി നേതാക്കൾ ഇരിപ്പിടത്തിനു മുകളിൽ കയറി ജയ്‌ശ്രീറാം മുദ്രാവാക്യം വിളിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.ഒരു വോട്ട് അസാധുവായെന്ന് മേയർ പ്രഖ്യാപിച്ചതിനെതിരെ വോട്ടെണ്ണൽ തടസപ്പെടുത്തിയ ബിജെപി അംഗങ്ങൾ മേയർ അസാധവുമായി പ്രഖ്യാപിച്ച വോട്ട് സാധുവാണെന്ന് അവകാശപ്പെട്ടു.അസാധവുമായ വോട്ട് ഒഴിവാക്കിയേ ഫലം പ്രഖ്യാപിക്കൂവെന്ന് മേയർ നിലപാടെടുത്തതിനെ തുടർന്ന് വൻ സംഘർഷത്തിലേക്കും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കും എത്തിയത്.