കൊച്ചി: നടിക്ക് നേരെയുണ്ടായത് ക്രൂരമായ അക്രമമെന്ന് നടിയെ ആക്രമിച്ച കേസിൽ പരാമർശം നടത്തി ഹൈക്കോടതി. മൊഴിയിൽ നിന്ന് പ്രഥമദൃഷ്ട്യാ അത് ബോധ്യപ്പെട്ടുവെന്ന് പൾസർ സുനിയുടെ ജാമ്യ ഹർജിയിൽ നടിയുടെ മൊഴിപ്പകർപ്പ് പരിശോധിച്ച ഹൈക്കോടതി പറഞ്ഞു.സുനിയുടെ ജാമ്യ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.
വിചാരണ നീട്ടണമെന്ന വിചാരണ കോടതിയുടെ അപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് പൾസർ സുനി ജാമ്യ ഹർജി നൽകിയിരിക്കുന്നത്.നടിയെ ആക്രമിച്ച കേസിൽ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ തനിക്ക് ജാമ്യം അനുവദിക്കണമെന്ന് പൾസർ സുനി കോടതിയിൽ വാദിച്ചു.
ആറ് വർഷമായി ജാമ്യം ലഭിക്കാതെ ജയിലിലാണ്. കൂട്ടുപ്രതികൾക്ക് എല്ലാം ജാമ്യം ലഭിച്ചുവെന്നാണ് സുനിയുടെ വാദം .ഈ കാര്യത്തിൽ നടിയുടെ മൊഴി സമർപ്പിക്കാൻ കീഴ്‌ക്കോടതിയോട് നിർദേശിച്ചിരുന്നു. തുടർന്ന് മുദ്രവെച്ച കവറിൽ നടിയുടെ മൊഴിപ്പകർപ്പ് നൽകുകയായിരുന്നു.