വൈഗ 2023 ന്‍റെ നാലാം ദിനമായ ഇന്ന് വൈകുന്നേരം 6. 30-ന് കലാസന്ധ്യയും നാടൻ പാട്ടരങ്ങും സംഘടിപ്പിക്കും

തിരുവനന്തപുരം : കേരള സർക്കാർ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2023ന്റെ ഭാഗമായി ബിസിനസ് 2 ബിസിനസ് (ബി2ബി) മീറ്റ് ‘ദിശ’ ഇന്ന് സംഘടിപ്പിക്കും. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷൻ ആകുന്ന യോഗത്തിൽ നിയമ-വ്യവസായ-കയർ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവഹിക്കും. രജിസ്ട്രേഷൻ-സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ സമ്മതപത്രം കൈമാറും. കാർഷികോല്പാദകർക്കും വ്യാവസായ സംരംഭകർക്കും ഒത്തുചേരാനുള്ള ഒരു വേദിയായാണ് ബി2ബി മീറ്റ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്നത്.
കേരളത്തിലെ വിവിധ കാർഷിക സംരംഭകരുടെയും കാർഷികോൽപാദന സംഘങ്ങളുടെയും തദ്ദേശീയ-വിദേശീയ ഉൽപന്നങ്ങൾ ഭൗമസൂചിക പദവി ലഭിച്ച കാർഷിക ഉത്പന്നങ്ങൾ സംസ്കരിച്ചതും മൂല്യ വർദ്ധിതവുമായ ഉത്പന്നങ്ങൾ തുടങ്ങിയവയുടെ വിപുലമായ പ്രദർശനം, മുഖാമുഖം സംവദിക്കൽ, ഉൽപാദകരം വ്യാപാരികളും തമ്മിൽ ഗുണപരമായ ബന്ധം സ്ഥാപിക്കൽ എന്നിവ മീറ്റ് വഴി ലക്ഷ്യമിടുന്നു. വൈഗ വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കിയ 133 ഉത്പാദകരും 84 കാർഷിക സംഭരണ സംരംഭകരുമാണ് മീറ്റിൽ പങ്കെടുക്കുന്നത്. കർഷകർ, കർഷക കൂട്ടായ്മകൾ, എം എസ് എം ഇ യൂണിറ്റുകൾ, കാർഷികോല്പാദന സംഘടനകൾ തുടങ്ങിയവർ കേരളത്തിനകത്തും പുറത്തുമുള്ള സംഭരണ ഏജൻസികളുമായി വ്യാപാരകരാരിൽ ഏർപ്പെടും.

വൈഗ 2023 ന്‍റെ നാലാം ദിനമായ ഇന്ന് തിരുവനന്തപുരം പുത്തരിക്കണ്ടത്ത്‌ രണ്ടു വേദികളിലായി സെമിനാറുകൾ സംഘടിപ്പിക്കും. കാർഷിക മേഖലയിലെ വിവരസാങ്കേതിക വിദ്യകളും സംരംഭകരും, ഫലവർഗ്ഗ കൃഷിയിലെ നൂതന ആശയങ്ങൾ കാർഷിക മേഖലയിലെ വ്യവസായ സംരംഭകത്വ വളർച്ച, കാർഷിക മേഖലയിൽ വിദേശ മലയാളികളുടെ സംരംഭകത്വ വികസനം എന്നീ വിഷയങ്ങളിലാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്.

ഇന്ന് വൈകുന്നേരം 6. 30-ന് കലാസന്ധ്യയും നാടൻ പാട്ടരങ്ങും സംഘടിപ്പിക്കും.