രജനി കാന്ത് നായകനായി ജയ് ഭീമിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് താല്ക്കാലികമായി തലൈവർ 170 എന്നാണ് പേര് നൽകിയിരിക്കുന്നത്.നിർമാതാവ് സുബാസ്കരന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ലൈക്ക പ്രൊഡക്ഷൻസ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
“ഞങ്ങളുടെ ബാനറിൽ “സൂപ്പർസ്റ്റാർ” രജനികാന്തിന്റെ “തലൈവർ 170″ എന്ന ചിത്രം പ്രഖ്യാപിച്ചതിൽ ലൈക്ക പ്രൊഡക്ഷൻസിന് അഭിനന്ദനവും ബഹുമാനവും തോന്നുന്നു. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്”റോക്ക്സ്റ്റാർ” അനിരുദ്ധ് സംഗീതം നിർവഹിക്കും. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നും 2024-ൽ റിലീസിന് തയ്യാറാകുമെന്നും അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും” സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലൈക പ്രൊഡക്ഷൻസ് പറയുന്നു.
ലൈക പ്രൊഡക്ഷൻസുമായി ചേർന്നുള്ള രജിനികാന്തിന്റെ മൂന്നാമത്തെ ചിത്രമാണ് തലൈവർ 170. ദർബാർ, 2.0 തുടങ്ങിയ സിനിമകൾക്കായാണ് രജിനിയും ലൈക പ്രൊഡക്ഷൻസും ഒന്നിച്ചത്.സൂപ്പർഹിറ്റാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത ജയ് ഭീമിന് ശേഷം സംവിധായകൻ ജ്ഞാനവേൽ ഒരുക്കുന്ന തലൈവർ 170യ്ക്കായി ആകാംക്ഷയിലാണ് സിനിമ പ്രേക്ഷകരും.ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയായിരിക്കും ചിത്രമൊരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ
2011 ൽ പുറത്തിറങ്ങിയ ക്രൈം ആക്ഷൻ ചിത്രം പയനത്തിന് കഥയും തിരക്കഥയുമൊരുക്കിയായിരുന്നു ജ്ഞാനവേലിന്റെ സിനിമയിലേക്കുള്ള വരവ്.ധോണി, കൂട്ടത്തിൽ ഒരുത്തൻ എന്നീ ചിത്രങ്ങൾക്കായി കഥയും സംഭാഷണവുമൊരുക്കി.ജയ് ഭീമിലൂടെ സംവിധായകനായി അരങ്ങേറി.തലൈവർ 170 യിലെ മറ്റ് അഭിനേതാക്കളുടേയും അണിയറപ്രവർത്തകരുടേയും വിവരം ലൈക പ്രൊഡക്ഷൻസ് പുറത്തുവിട്ടിട്ടില്ല.
ജയിലറാണ് രജിനികാന്തിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.അണ്ണാത്തെ എന്ന ചിത്രത്തിന് ശേഷം രജിനികാന്ത് എത്തുന്ന ജയിലർ സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമ്മിച്ചിരിക്കുന്നത്.നാളുകൾക്ക് ശേഷമുള്ള തലൈവരുടെ ബിഗ് സ്ക്രീനിലേക്കുള്ള ഗംഭീര മടങ്ങി വരവ് വൻ പ്രതീക്ഷയോടെയാണ് കോളിവുഡ് കാത്തിരിക്കുന്നത്.