നഗര മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം പുറംലോകമറിഞ്ഞത്. രണ്ടു ദിവസം കഴിഞ്ഞ്

ബെംഗളൂരു ∙ അമ്മ മരിച്ചതറിയാതെ 11 വയസ്സുകാരൻ ഗംഗാനഗറിലെ വീട്ടിൽ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 2 ദിവസം. അയൽവീടുകളിൽ നിന്നു ഭക്ഷണം കഴിച്ചും സ്കൂളിൽ പോയി തിരികെയെത്തിയും മൃതദേഹത്തിനൊപ്പം കിടന്നുറങ്ങിയും 2 ദിവസം പിന്നിട്ടിട്ടും അമ്മയുടെ വിയോഗം കുട്ടി തിരിച്ചറിഞ്ഞില്ല.ദുർഗന്ധം വമിച്ചതോടെയാണ് നഗര മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം പുറംലോകമറിഞ്ഞത്.

സംസാരശേഷിയില്ലാത്ത അന്നമ്മ (40) ഉറക്കത്തിനിടെയാണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് ആർടി നഗർ പൊലീസ് കേസെടുത്തു. ഭർത്താവു മരിച്ചതിനെ തുടർന്ന് കുറച്ചു വർഷങ്ങളായി അന്നമ്മയും മകനും മാത്രമായാണ് യെല്ലമ്മ ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ താമസിച്ചിരുന്നത്. അസുഖം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ അന്നമ്മ വീട്ടുജോലിക്കു പോയിരുന്നില്ല. അസുഖമായതിനാൽ അമ്മ ഉറങ്ങുകയാണെന്നാണ് കരുതിയതെന്ന് കുട്ടി പൊലീസിനോടു പറഞ്ഞു.