ആർ എസ് എസ് ഒരു സീക്രട്ട് സൊസൈറ്റി,എല്ലാക്കാലവും അധികാരമുണ്ടാവുമെന്ന അഹന്ത വേണ്ട.രാഹുൽ ഗാന്ധി

ലണ്ടൻ: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഭൂരിഭാഗം കാലവും അധികാരത്തിലിരുന്നത് കോൺഗ്രസ് ആണ്.എല്ലാക്കാലവും അധികാരത്തിലിരിക്കാമെന്നാണ് ബിജെപി കരുതുന്നത്.അതൊരു വ്യാമോഹം മാത്രമാണെന്ന് ബി ജെ പി തിരിച്ചറിയണം.രാജ്യത്ത് പ്രതിപക്ഷവും മാധ്യമങ്ങളും ന്യൂനപക്ഷങ്ങളും അടിച്ചമ‍ർത്തപ്പെടുകയാണെന്നും ഇന്ത്യൻ ജനാധിപത്യത്തിനു വേണ്ടി പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചു നിൽക്കണമെന്നും ലണ്ടനിൽ രാഹുൽ ഗാന്ധി പറഞ്ഞു.

തൻ്റെ ഫോണും ഇസ്രയേലി ചാര സോഫ്റ്റ്‍‍വെയറായ സിന്റെ നിരീക്ഷണത്തിലാണ് എന്നാരോപിച്ച രാഹുൽ ഗാന്ധി രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും കൂട്ടിച്ചേർത്തു. “ബിജെപി പത്ത് വർഷത്തോളം അധികാരത്തിലെത്തുന്നതിനു മുൻപ് ഞങ്ങളായിരുന്നു 10 വർഷം ഭരിച്ചത്. എന്നാൽ അവർ അധികാരത്തിൽ വന്നെന്നും ഇനി എന്നും അവർ ആയിരിക്കും ഭരിക്കുക എന്നും വിശ്വസിക്കാനാണ് ബിജെപിയ്ക്ക് ഇഷ്ടം. പക്ഷെ അങ്ങനെ സംഭവിക്കാൻ പോകുന്നില്ല.”രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു.

ബിജെപി അധികാരത്തിൽ വന്നതോടെ കോൺഗ്രസ് ഇല്ലാതായെന്നു വാദിക്കുന്നത് പരിഹാസ്യമായ കാര്യമാണ്.ഗ്രാമീണമേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ നഗരവോട്ടർമാർ കൈവിട്ടതാണ് കോൺഗ്രസിന് പ്രശ്നമായത്.ഒരു പാ‍ർട്ടിയുടെയും അധികാരം ശാശ്വതമല്ലെന്ന് കോൺഗ്രസിനെ കണ്ടെങ്കിലും മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയില്ലാത്തവരാണ് മോദിയും സംഘവും.ബിജെപിയ്ക്ക് സംവാദങ്ങളോടു താത്പര്യമില്ല. രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ അവർക്കു മാത്രമാണ് അറിയുന്നത് എന്ന രീതിയിലാണ് ബി ജെ പി നേതാക്കന്മാരുടെ പെരുമാറ്റം. പക്ഷെ ഇന്ന് കാര്യങ്ങൾ സാധാരണക്കാർക്ക് പോലുമറിയാം.

ആർഎസ്എസ് ഒരു ഫാസിസ്റ്റ് സംഘടനയാണെന്നും ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും മുസ്ലീം ബ്രദർഹുഡ് പോലെ രഹസ്യസ്വഭാവമുള്ള സംഘടനയാണെന്നും ജനാധിപത്യസംവിധാനം വഴി അധികാരത്തിലെത്തി ജനാധിപത്യം അട്ടിമറിക്കാനാണ് ഇവരുടെ പദ്ധതിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഏതെങ്കിലും വഴിയിൽ രാജ്യത്തെ മാധ്യമങ്ങൾ, പാർലമെൻ്റ്, നീതിന്യായ വ്യവസ്ഥ തുടങ്ങിയവയെയെല്ലാം അട്ടിമറിക്കാനും സമ്മർദ്ദത്തിലാക്കാനും ഭീഷണിപ്പെടുത്താനും നിയന്ത്രിക്കാനുമാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ചൈന ഇന്ത്യയുടെ രണ്ടായിരം ചതുരശ്ര കിലോമീറ്ററോളം ഭൂമി കവർന്നെടുത്തിട്ടും അങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നതെന്നും ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി.ഇന്ത്യൻ ജനാധിപത്യത്തിനു സാരമായ പ്രശ്നമുണ്ടെന്നു പറയുന്നത് കോൺഗ്രസ് മാത്രമല്ല, വിദേശമാധ്യമങ്ങൾ കൂടിയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ തേരോട്ടത്തിന് കടിഞ്ഞാണിടാനുള്ള നീക്കത്തിലാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ.