സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് ചികിത്സക്ക് പണമില്ലാതെ സഹായം തേടുന്നു

ചെന്നൈ : പിതാമകൻ ഉൾപ്പടെ തമിഴിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച വി.എ ദുരൈ ചികിത്സക്ക് പണമില്ലാതെ സഹായം തേടുന്നു.സോഷ്യൽ മീഡിയയിൽ ചികിത്സ സഹായം അഭ്യർഥിച്ച് വിഡിയോ പങ്കുവെച്ചിരുന്നു.

സൂര്യ, വിക്രം എന്നിവർ പ്രധാനവേഷത്തിലെത്തിയ ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുത്ത പിതാമകൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് നടൻ വിക്രമിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.പിതാമകന്റെ വിജയത്തെ തുടർന്ന് മറ്റൊരു ചിത്രം നിർമിക്കാനായി സംവിധായകൻ ബാലയെ ദുരൈ സമീപിച്ചിരുന്നു. 25 ലക്ഷം അഡ്വാൻസായി നൽകുകയും ചെയ്തു. എന്നാൽ ഈ ചിത്രം നടന്നില്ല. ഈ പണം ബാല തിരികെ നൽകിയതുമില്ല.

2022-ൽ ദുരൈ പണം തിരികെ ആവശ്യപ്പെട്ട് ബാലയുടെ ഓഫീസിൽ ചെന്നിരുന്നു.ദുരിതപൂർണ്ണമായ ജീവിത സാഹചര്യത്തിലൂടെയാണ് വി.എ ദുരൈ കടന്നു പോകുന്നത്. സ്വന്തമായി വീടുപോലുമില്ലാത്ത ഇദ്ദേഹം സുഹൃത്തിന്റെ സംരക്ഷണയിലാണ് കഴിയുന്നത്.വി.എ ദുരൈക്ക് സാമ്പത്തിക സഹായവുമായി നടൻ സൂര്യ എത്തിയിട്ടുണ്ട്. സിനിമാ മേഖലയിൽ നിന്ന് ചികിത്സയ്ക് കൂടുതൽ സഹായം ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്.