ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ച യുവതി അറസ്റ്റിൽ

ബെംഗളൂരു: ഞായറാഴ്ച രാത്രി കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിൻ്റെ ശുചിമുറിയിൽ കയറി പുകവലിച്ച പശ്ചിമ ബംഗാൾ സ്വദേശി പ്രിയങ്ക ചക്രവർത്തി എന്ന 24കാരിയെ അറസ്റ്റ് ചെയ്തു.അറസ്റ്റ് രേഖപ്പെടുത്തി യുവതിയെ ജ്യാമത്തിൽ വിട്ടയച്ചു.കൊൽക്കത്തയിൽ നിന്ന് ഞായറാഴ്ച രാത്രി 10.50ന് പറന്നുയർന്ന ഇൻഡിഗോയുടെ 6E 716 വിമാനത്തിലാണ് നാടകീയ സംഭവം അരങ്ങേറിയത്.

മാർച്ച് നാലിന് എയർ ഇന്ത്യ വിമാനത്തിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് ഫയർ അലാറം മുഴങ്ങിയതോടെ പുകവലിച്ച യാത്രക്കാരനെ അധികൃതർ പിടികൂടുകയായിരുന്നു.പൈലറ്റ് ഡൽഹി എയർപോർട്ട് അധികൃതരെ വിവരമറിയിച്ചതനുസരിച്ചു് വിമാനം ലാൻഡ് ചെയ്ത ഉടൻ യാത്രക്കാരനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.

കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് പുക ഉയരുന്നത് ക്യാബിൻ ജീവനക്കാർ തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.ജീവനക്കാർ ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോൾ യാത്രക്കാരിയായ യുവതി പുകവലിക്കുന്നത് കണ്ടു.ഇവർ വലിച്ച സിഗരറ്റിന്റെ കുറ്റി ശുചിമുറിയിലെ ഡസ്റ്റ്ബിന്നിൽ നിന്ന് കണ്ടെടുത്തു.വിവരം ജീവനക്കാർ പൈലറ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ അദ്ദേഹം വിവരം എയർപോർട്ട് അധികൃതരെ അറിയിച്ചു.

വിമാനം കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെ ജീവനക്കാർ യുവതിയെ എയർപോർട്ട് സെക്യൂരിറ്റിക്ക് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.മറ്റുള്ളവരുടെ സുരക്ഷ കൂടി അപകടത്തിലാക്കുന്ന പ്രവർത്തിയാണ് യുവതി ചെയ്തതെന്നും അതിനാലാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്നും അധികൃതർ അറിയിച്ചു.