അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും കൈകോർത്തു

അഹമ്മദാബാദ്:  ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ’75 വര്‍ഷത്തെ സൗഹൃദം’ പങ്കിടാൻ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തി.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്നോടിയായി നടന്ന പ്രത്യേക ചടങ്ങില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായും പ്രസിഡന്റ് റോജര്‍ ബിന്നിയും യഥാക്രമം പ്രധാനമന്ത്രി മോദിയെയും അല്‍ബനീസിനെയും അഭിനന്ദിച്ചു.

പരമ്പരാഗത പാട്ടിനും നൃത്തത്തിനും ശേഷം, ഇരു ടീമുകളുടെയും ക്യാപ്റ്റന്‍മാരായ രോഹിത് ശര്‍മയ്ക്കും സ്റ്റീവ് സ്മിത്തിനും അതത് പ്രധാനമന്ത്രിമാര്‍ അവരുടെ ടെസ്റ്റ് ക്യാപ്പുകളും സമ്മാനിച്ചു.രോഹിത് വേദിയില്‍ എത്തിയപ്പോള്‍, പ്രധാനമന്ത്രി മോദി അദ്ദേഹത്തിന് കൈ കുലുക്കി ടെസ്റ്റ് ക്യാപ്പ് സമ്മാനിച്ചു, തുടര്‍ന്ന് സ്മിത്തിനെ അഭിവാദ്യം ചെയ്തു. ഒടുവില്‍ നാലുപേരും കൈകള്‍ ചേര്‍ത്തുപിടിച്ച് ക്യാമറകള്‍ക്ക് പോസ് ചെയ്തു.

ഇരു നേതാക്കളും സ്റ്റേഡിയവും അതിനുള്ളിലെ മ്യൂസിയവും സന്ദര്‍ശിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് മത്സരം വീക്ഷിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും അഹമ്മദാബാദിലെ സ്റ്റേഡിയം വിട്ടുപോയത്.

മൂന്നാം ടെസ്റ്റിനെ അപേക്ഷിച്ച് ബാറ്റിംഗ് എളുപ്പമായ പിച്ചില്‍ മികച്ച തുടക്കമാണ് ഓസ്‌ട്രേലിയ നേടിയത്. ട്രാവ്‌സ് ഹെഡ് (32), മാര്‍നസ് ലബുഷെയ്ന്‍ (3) എന്നിവര്‍ പുറത്തായപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. 27 റണ്‍സുമായി ഉസ്മാന്‍ ഖവാജയും റണ്‍സുമായി 2 സ്റ്റീവ് സ്മിത്തുമാണ് ക്രീസിലുള്ളത്. ഹെഡിനെ ആര്‍ അശ്വിനും ലബുഷെയ്‌നിനെ ഷമിയും പുറത്താക്കി.

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓസ്ട്രേലിയ ഒടുവിലത്തെ അതേ ടീമിനൊപ്പം കളിക്കാനിറങ്ങിയപ്പോള്‍, മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമിലെത്തി. വര്‍ക്ക് ലോഡ് മാനേജ്മെന്റ് കാരണം മുഹമ്മദ് ഷമിക്ക് മൂന്നാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ചിരുന്നു. ജൂണ്‍ 7 മുതല്‍ 11 വരെ ഓവലില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന് വിജയം അനിവാര്യമാണ്. കഴിഞ്ഞയാഴ്ച നടന്ന ഇന്‍ഡോര്‍ ടെസ്റ്റിലെ വിജയത്തോടെ ഓസ്ട്രേലിയ ഇതിനകം തന്നെ ഫൈനലിന് യോഗ്യത നേടിയിരുന്നു.

ഇരിപ്പിടത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് നരേന്ദ്ര മോദി സ്റ്റേഡിയം.വേദിയില്‍ ഏകദേശം 1.25 ലക്ഷം ആളുകള്‍ക്ക് മത്സരം സാക്ഷ്യം വഹിക്കാനാകും.