ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ അറ്റൻഡർ‌ പീഡിപ്പിച്ച സംഭവം: അടിയന്തരമായി അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു

കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയെ അറ്റൻഡർ‌ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് മെഡിക്കൽ കോളജ്. അഡീഷനല്‍ സൂപ്രണ്ട്, ആര്‍എംഒ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരാണ് അംഗങ്ങൾ. സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

ശനിയാഴ്ച രാവിലെ പ്രധാന ശസ്ത്രക്രിയ തിയറ്ററിൽ നിന്ന് ശസ്ത്രക്രിയയ്ക്കു ശേഷം യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശേഷമാണ് സംഭവം. പൊലീസ് കേസെടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിലാണ്. സർജിക്കൽ ഐസിയുവിൽ യുവതിയെ കൊണ്ടു വന്നതിനു ശേഷം മടങ്ങിയ അറ്റൻഡർ കുറച്ചു കഴിഞ്ഞു തിരികെവന്നു. ഈ സമയം മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടർന്നു ജീവനക്കാരെല്ലാം അവിടെയായിരുന്നു. അപ്പോഴായിരുന്നു പീഡനം.ശസ്ത്രക്രിയയ്ക്കു ശേഷം മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഐസിയുവിലെ നഴ്സിനോട് പരാതി പെട്ടതിനെ തുടർന്ന് ആശുപത്രി അധികൃതരും വിവരങ്ങൾ ശേഖരിച്ചിരുന്നു. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം. ജീവനക്കാരന്റെ വിവരങ്ങൾ ആശുപത്രിയിൽ നിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്.