തലസ്ഥാനത്തു് സ്ത്രീക്കെതിരായ അതിക്രമം; പേട്ട പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം:  തലസ്ഥാനത്തു് വഞ്ചിയൂരിൽ നടുറോഡിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമുണ്ടായതായി പരാതി കിട്ടിയിട്ടും നടപടിയെടുക്കാതെ ജോലിയിൽ വീഴ്ച വരുത്തിയ പേട്ട പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്.സീനിയർ സിവിൽ പോലീസ് ഓഫീസർ ജയരാജ്, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് എന്നിവരാണ് സസ്പെൻഡിലായത്.

മരുന്നു വാങ്ങാനായി ഇരുചക്ര വാഹനത്തിൽ പുറത്തിറങ്ങുമ്പോഴാണ് പീഡനശ്രമം. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ വണ്ടി തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. പോലീസിൽ പരാതി അറിയിച്ചിട്ടും സഹായം ലഭിച്ചില്ലെന്ന് ഇരയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. മകൾ പേട്ട പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സംഭവം അറിയിച്ചെങ്കിലും മേൽവിലാസം ചോദിച്ചതല്ലാതെ മറ്റൊന്നുമുണ്ടായില്ല.

പോലീസ് സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ അർധരാത്രി മകൾക്കൊപ്പം സ്വകാര്യ ആശുപത്രിയിലേക്ക് പോയ സ്ത്രീയെ ഒരുമണിക്കൂർ കഴിഞ്ഞ് തിരിച്ചുവിളിച്ച പോലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് സ്റ്റേഷനിലെത്തി മൊഴി നൽകാനായിരുന്നെന്നും പരാതിക്കാർ പറയുന്നു.ഇതേ തുടർന്ന് ഇവർ കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. സ്ത്രീക്കെതിരെ നടന്ന അതിക്രമത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അതിക്രമത്തിനിരയായ സ്ത്രീയെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുക്കുന്ന നടപടി ശരിയല്ലെന്നും അവർ പറഞ്ഞു.