ചന്ദ്രപ്പിറവി കണ്ടു; കേരളത്തിൽ തറാവീഹ് നമസ്കാരത്തോടെ റമദാൻ തുടങ്ങി

കോഴിക്കോട് : കോഴിക്കോട് കാപ്പാടും തമിഴ് നാട്ടിലെ കുളച്ചലിലും മാസപ്പിറവി കണ്ടതിനാൽ വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവർ അറിയിച്ചു.

നാളെ മുതൽ ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾക്ക് വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ത്ഥനയുടേയും ആത്മ ശുദ്ധീകരണത്തിന്റെയും നാളുകളായിരിക്കും.ആത്മാവിലെയും മനസിലെയും അശുദ്ധികള്‍ നീക്കി ശരീരത്തിനേയും മനസിനേയും ശുചീകരിക്കുക . തെറ്റായ മാര്‍ഗങ്ങളിലേക്ക് സഞ്ചരിക്കുന്നതില്‍ നിന്ന് മനസിനെ നിയന്ത്രിക്കുക. ആത്മനിഷ്ഠ, ത്യാഗം, കഷ്ടപ്പെടുന്നവരെ സഹായിക്കല്‍ എന്നിവയ്ക്കുള്ള സമയം കൂടിയാണിത്.