സൂറത്ത് : 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകത്തിലെ പൊതു പരിപാടിയിൽ മോദി സമുദായത്തെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്നും അതിനാൽ 2 വർഷം തടവ് അനുഭവിക്കണമെന്നും സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി പ്രസ്താവിച്ചു.വിധി കേൾക്കാൻ രാഹുലും കോടതിയിൽ ഉണ്ടായിരുന്നു.
രാജ്യത്തെ കള്ളന്‍മാർക്കെല്ലാം എന്തുകൊണ്ടാണ് മോദി എന്ന സർ നെയിം ഉള്ളതെന്ന രാഹുലിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു.ഇത് സമുദായത്തില്‍പ്പെട്ടവര്‍ക്ക് അപകീര്‍ത്തികരമാണെന്ന് കാണിച്ച് ബിജെപി നേതാവും സൂറത്തില്‍ നിന്നുള്ള എംഎല്‍എ യും മുൻ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ കേസ് ഫയൽ ചെയ്തത്.നീരദ് മോദിയെയും ലളിത് മോദിയേയും പരാമർശിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.
ഐ പി സി 499 500 വകുപ്പുകൾ ചുമത്തിയാണ് ഗുജറാത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോടതി വിധി പ്രസ്താവിച്ചതിനു പിന്നാലെ പതിനായിരം രൂപയുടെ ബോണ്ടിൽ ജാമ്യവും അനുവദിച്ചു.സിറ്റിങ് എം പി എന്ന നിലയിൽ വിധിയിൽ അടിയന്തിരമായി നടപടി ആവശ്യമില്ലെന്നും 30 ദിവസത്തിനുള്ളിൽ വിധിക്കെതിരെ അപ്പീൽ നൽകാമെന്നും സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു.വിധി കേള്‍ക്കാന്‍ രാഹുൽ നേരിട്ട് ഹാജരാകണമെന്ന കോടതിയുടെ ആവശ്യപ്പെടലിനെതിരെ രാഹുലിന്റെ അഭിഭാഷകൻ നൽകിയ അപ്പീൽ കോടതി തള്ളിയതിനാൽ രാഹുലും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.