ഇന്നസെന്റിന്റെ ഭൗതിക ശരീരം ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

കൊച്ചി: കേരളത്തിന്റെ പ്രിയപ്പെട്ട നടൻ ഇന്നസെന്റിന്റെ (75) ഭൗതിക ശരീരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കരിച്ചു.കൊച്ചിയിലെ ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 10.30ന് ആയിരുന്നു അന്ത്യം.കൊച്ചി കടവന്ത്ര രാജീവ് ​ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിലും പൊതുദർശനത്തിന് വെച്ച ശേഷം തിങ്കളാഴ്ച വൈകിട്ടോടെ കൊച്ചിയിൽ നിന്ന് വിലാപയാത്രയായാണ് ഇരിങ്ങാലക്കുടയിലെ തെക്കേഅങ്ങാടിയിലെ സ്വവസതിയായ ‘പാർപ്പിട’ത്തിലേക്ക് ഭൗതികശരീരം കൊണ്ടുവന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തി ഇന്നസെന്റിന് അന്ത്യാഞ്ജലി അർപ്പിച്ചു.നടന്മാരായ മമ്മൂട്ടി കടവന്ത്രയിലെ ഇൻഡോർ സ്റ്റേ‍ഡിയത്തിലും മോഹൻലാൽ ഇരിങ്ങാലക്കുടയിലെ വസതിയിലെത്തിയും തങ്ങളുടെ ഇന്നച്ചനെ അവസാനമായി കണ്ടു.സഹപ്രവർത്തകരും ബന്ധുക്കളും അടക്കമുള്ള വലിയ ജനാവലി സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. പൊലീസ് ഗാർഡ‍് ഓഫ് ഓണർ നൽകി ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ, ഇന്നസെൻ്റിൻ്റെ സഹപ്രവർത്തരും ഇരിഞ്ഞാലക്കുട സ്വദേശികളുമായ ടൊവിനോ തോമസ്, ഇടവേള ബാബു ഉൾപ്പെടെയുള്ള താരങ്ങളും തെക്കേഅങ്ങാടിയിലെ ‘പാർപ്പിട’ത്തിൽ നിന്നു പള്ളിയിലേക്കുള്ള വിലാപയാത്രയെ അനുഗമിച്ചു.പ്രിയപ്പെട്ടവന്റെ യാത്രാമൊഴിയ്ക്കായി ദേവാലയത്തിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പാടുപെട്ടു. പിതാവ് തെക്കേത്തല വറീതിന്റെയും മാതാവ് മർഗലീത്തയുടെയും കല്ലറകൾക്കരികിലായാണ് ഇന്നസെൻ്റിൻ്റെ അന്ത്യവിശ്രമം.ഇരിഞ്ഞാലക്കുട രൂപതാ അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകി.

750 ലേറെ ചിത്രങ്ങളിൽ അഭിനയിച്ച ഇന്നസെൻ്റ് അർബുദ രോഗത്തെ തൻ്റെ ഇച്ഛാശക്തികൊണ്ടു അതിജീവിച്ച വ്യക്തിയായിരുന്നു.” വിടപറയും മുൻപേ” സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. 1972ൽ പുറത്തിറങ്ങിയ പ്രേം നസിർ നായകനായ നൃത്തശാലയാണ് ഇന്നസെന്റിന്റെ ആദ്യ ചിത്രം. സുഹൃത്തായ ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമാണ കമ്പനി യുടെ ബാനറിൽ ഇളക്കങ്ങൾ, വിട പറയും മുൻപേ, ഓർമ്മയ്ക്കായ്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചു.

1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായി തൃശൂരിലെ ഇരിങ്ങാലക്കുടയിൽ ജനനം. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്.എൻ.എച്ച്.സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. എട്ടാം ക്ലാസ്സിൽ പഠനം നിർത്തി. ബിസിനസ് രം​ഗത്തേക്ക് ഇറങ്ങി. പിന്നീട് മുനിസിപ്പൽ കൗൺസിലറായും എം പി ആയും തെരഞ്ഞെടുക്കപ്പെട്ടു..ബന്ധുക്കൾ ഭാര്യ ആലീസ്, മകൻ സോണറ്റ്. മരുമകൾ: രശ്മി. പേരക്കുട്ടികൾ: ഇന്നസെൻ്റ്, അന്ന