വനംവകുപ്പ് അറിയാതെ വനത്തിനുള്ളിലേക്ക് സാഹസികയാത്ര; പിന്നാലെ വഴി തെറ്റി വനത്തിൽ കഴിഞ്ഞത് ഒരു രാത്രി മുഴുവൻ; ഒടുവിൽ രക്ഷപ്പെടുത്തി

തിരുവനന്തപുരം ബോണക്കാട് വനത്തിനുള്ളിൽ കുടുങ്ങിയ നാലു പേരെ രക്ഷപ്പെടുത്തി. തിരുവനന്തപുരം കരിമഠം കോളനി സ്വദേശികളായ ഫെവിയോള, സിന്ധു , ദിൽഷാദ്, സൗമ്യ എന്നിവരാണ് ബോണക്കാട് വനത്തിനുള്ളിൽ കുടുങ്ങിയത്.ഇന്നലെയാണ് നാലങ്കസംഘം വനത്തിനുള്ളിൽ കയറിയത്. ബോണക്കാട് വാഴ് വന്തോൾ വെള്ളച്ചാട്ടം കാണാനാണ് ഇവർ പോയത്. വനത്തിനുള്ളിലേക്ക് പോകാൻ വനംവകുപ്പ് അനുവദിക്കാതിരുന്നതോടെയാണ് ഇവർ സാഹസിക യാത്ര നടത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന വഴി മാറിപ്പോവുകയും തിരിച്ച് വരാനുള്ള വഴി തെറ്റുകയും ചെയ്യുകയായിരുന്നു.വനത്തിനകത്ത് മൊബൈൽ റേഞ്ച് ഇല്ലാതിരുന്നതിനാൽ സഹായത്തിനായി ആദ്യം ആരേയും വിളിക്കാൻ സാധിച്ചില്ല. പിന്നീട് റേഞ്ച് ഉള്ള സ്ഥലം കണ്ടെത്തി ഇവർ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. ഒരു രാത്രി മുഴുവൻ വനത്തിൽ കഴിഞ്ഞ നാലങ്ക സംഘത്തെ ഇന്ന് രാത്രി 9 മണിയോടെയാണ് വിതുര പോലീസ് എത്തി രക്ഷപ്പെടുത്തിയത്.