രോഹിത് വിശ്രമിക്കും,സൂര്യകുമാര്‍ യാദവ് നയിക്കും

ലണ്ടനിലെ ഓവലില്‍ നടക്കുന്ന 2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കളിക്കാനിരിക്കുകയാണ്. ഐപിഎല്‍ 2023 സീസണ്‍ മാര്‍ച്ച് 31ന് ആരംഭിക്കുകയാണ്.

2021 ലെ ആദ്യ ഫൈനല്‍ തോറ്റതിന് ശേഷം തങ്ങളുടെ കന്നി ഡബ്ല്യുടിസി കിരീടം ഉറപ്പിക്കാനും ഐസിസി ട്രോഫി ഇല്ലാതെ 10 വര്‍ഷത്തെ ഇടവേള തകര്‍ക്കാനും ശ്രമം നടത്തുന്ന ഇന്ത്യയ്ക്ക് കളിക്കാരുടെ കായികക്ഷമത നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ജൂണ്‍ 7 ന് ഫൈനലിന് ഇറങ്ങുമ്പോള്‍ ഐപിഎല്ലില്‍ നിന്നും പരിക്കേല്‍ക്കാതെ എത്താന്‍ ടീം മാനേജ്‌മെന്റ് കളിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.നാല് പ്രധാന കളിക്കാര്‍ പരിക്കേറ്റ് പുറത്താണെന്നതിനാല്‍ ശേഷിക്കുന്ന കളിക്കാരെല്ലാം വലിയ ടൂര്‍ണമെന്റുകള്‍ക്ക് സജ്ജമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

രോഹിത് ശര്‍മ 2023 സീസണില്‍ തന്റെ ജോലിഭാരം നിയന്ത്രിക്കുന്നതിനായി കുറച്ച് മത്സരങ്ങള്‍ ഒഴിവാക്കിയേക്കും.കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനക്കാരായതിന്റെ നാണക്കേടില്‍ നിന്നും കര കയറാന്‍ ഒരുങ്ങവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സീസണില്‍ മുഴുവന്‍ കളികളിലും ഇറങ്ങില്ലെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലിന്റെ ഫൈനല്‍ കഴിഞ്ഞ് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിലേക്കും നീങ്ങുന്നതിനാല്‍ തിരക്കേറിയ ഒരു ഷെഡ്യൂള്‍ ആണ് വരാനിരിക്കുന്നത്.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയംവരിച്ച ക്യാപ്റ്റനാണ് രോഹിത്. അഞ്ച് തവണ ട്രോഫി ഉയര്‍ത്തി. 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ രോഹിത്തിന്റെ നേതൃത്വത്തിലായിരുന്നു മുംബൈ ചാമ്പ്യന്മാരായത്.ഐപിഎല്‍ സമയത്ത് രോഹിത് വിശ്രമിക്കാന്‍ തീരുമാനിച്ചാല്‍ സൂര്യകുമാര്‍ യാദവ് ആയിരിക്കും ടീമിനെ നയിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.