ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുണ്ടായ അപകടം; മരണസംഖ്യ 35 ആയി

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ ഇടിഞ്ഞുണ്ടായ സംഭവത്തില്‍ മരണസംഖ്യ 35 ആയി. 18ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ കിണറിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ തെരച്ചില്‍ തുടരുകയാണ്. ആര്‍മി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ടെന്ന് കളക്ടര്‍ ടി.ഇളയരാജ അറിയിച്ചു.സംഭവത്തെ കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ട് ജില്ല ഭരണകൂടം കൈമാറി. കാലപ്പഴക്കമുള്ള സ്ലാബിന് മുകളില്‍ കൂടുതല്‍ ആളുകള്‍ കയറി നിന്നതാണ് അപകട കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. രാമ നവമി ആഘോഷത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ വന്‍ ജനത്തിരക്ക് ഉണ്ടായിരുന്നു.

ഇന്‍ഡോറിലെ ബെലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവര്‍ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ പ്രധാനമന്ത്രി കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.