ചെന്നൈ : ജാതിയുടെ പേരിൽ പ്രവേശനം നിഷേധിച്ച തമിഴ്‌നാട്ടിലെ തിയേറ്ററിനെതിരെ ജാതിക്കെതിരെ ജാതി വിവേചനത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിക്കുന്നതായി സംവിധായകൻ വെട്രിമാരൻ.
100 വർഷം മുമ്പ് തീയേറ്ററുകൾ തൊട്ടുകൂടായ്മ നിർത്തലാക്കിയിരുന്നു. തൊഴിലാളികളെ ഹാളിനുള്ളിൽ പ്രവേശിപ്പിക്കാതെ തൊട്ടുകൂടായ്മ നടത്തുന്നത് അപകടകരമായ പ്രവണതയാണ്. പിന്നീട് ആദിവാസി കുടുംബത്തെ ഹാളിൽ പ്രവേശിപ്പിച്ചെങ്കിലും ഇങ്ങനെയൊരു സംഭവം ഉണ്ടായത് അപലപനീയമാണ് വെട്രിമാരൻ ഫേസ്ബുക്കിൽ കുറിച്ചു. ചെന്നൈയിലെ രോഹിണിതിയേറ്റിലെത്തിയ നരികുറവ വിഭാഗത്തിലുള്ള ആളുകളോട് മോശമായി പൊരുമാറിയ ഉടമസ്ഥർക്കെതിരെ പ്രതിഷേധങ്ങൾ ഉയരുകയാണ്.
സിമ്പുവിന്റെ പുതിയ ചിത്രം പത്തു തലകാണാനെത്തിയ ആദിവാസി കുടുംബത്തെ തിയേറ്ററിൽ കയറ്റാതെ തിയേറ്റിലേക്കുള്ള പ്രവേശനം നിഷേധിച്ച തിയേറ്റർ സ്റ്റാഫുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഡിഎംകെ എംപി സെന്തിൽകുമാർ പറഞ്ഞു. ജോലിക്കാർക്ക് വേണ്ടവിധത്തിലുള്ള നിർദ്ദേശങ്ങൾ നൽക്കാത്ത മാനേജ്മെന്റും സംഭവത്തിൽ ഉത്തരവാദികളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തിയേറ്ററിലെ ഈ പ്രവർത്തിയ്ക്കു നേരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. തിയേറ്ററിൽ ചിത്രം കാണാനെത്തിയ വ്യക്തി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വീഡിയോയിൽ കുഞ്ഞിനൊപ്പം നിൽക്കുന്ന സ്ത്രീയോട് മാറി നിൽക്കാൻ തിയേറ്റിലെ ജോലിക്കാരൻ പറയുന്നുണ്ട്. അവരുടെ കയ്യിൽ ടിക്കറ്റുണ്ടായിട്ടും എന്താണ് അകത്തേയ്ക്കു പ്രവേശിപ്പിക്കാത്തതെന്ന ചോദ്യത്തിന് ജോലിക്കാരൻ മറുപടി നൽകുന്നുമില്ല.
സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ ആളുകൾ പ്രതികരിക്കുന്നെന്നാണ് തിയേറ്ററർ മാനേജ്മെന്റിന്റെ വാദം.ചിത്രത്തിനു U/A സെർട്ടിഫിക്കറ്റാണെന്നും 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഇതു കാണാൻ അനുവാദമില്ലത്തതു കൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നുമാണ് തിയേറ്റർ ഉടമയുടെ വിശദീകരണം.