പുഴയിൽ മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും ദാരുണാന്ത്യം

കണ്ണൂർ: ഇരട്ടത്തോട് ബാവലിപ്പുഴയിലെ താൽക്കാലിക തടയണയിൽ കുളിക്കാനിറങ്ങിയതായിരുന്നു കേളകം ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസും (32), മകൻ നെബിൻ ജോസഫും (6).ലിജോ ജോസ് മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.നെബിൻ പുഴയുടെ അടിത്തട്ടിലെ ചെളിയിൽ അകപ്പെടുകയായിരുന്നു. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ലിജോ ജോസും അപകടത്തിൽപ്പെട്ടു.

മകനുമായി പാലത്തിന് അടിയിലേയ്ക്ക് നടന്നുപോയ ലിജോയെ കാണാതായതോടെ കൂടെ ഉണ്ടായിരുന്ന കുട്ടികൾ നിലവിളിച്ചു.ബഹളം കേട്ടെത്തിയ നാട്ടുകാർ പുഴയിലിറങ്ങി തിരച്ചിൽ നടത്തുകയും ലിജോയെ കണ്ടെത്തി കരയിലെത്തിക്കുകയും ചെയ്തു. നെബിനെ കണ്ടെത്താൻ കഴിഞ്ഞില്ല.വലിയ രീതിയിൽ തിരച്ചിൽ നടത്തിയെങ്കിലും ചെളിയിൽ അകപ്പെട്ട മകനെ വളരെ വൈകിയാണ് കണ്ടുകിട്ടിയത്.

ഇരുവരെയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുഴയുടെ അടിത്തട്ടിലെ ചെളിയിൽ അകപ്പെട്ടതാണ് മരണ കാരണം.സ്റ്റെഫീന ലിജോയുടെ ഭാര്യയാണ്