കൊവിഡ് വർധിക്കുന്നു; രാജ്യത്ത് 3,823 പുതിയ കേസുകൾ; ഇന്നലത്തേതിനേക്കാൾ 27% കൂടുതൽ

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,823 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്ചയേക്കാൾ 27 ശതമാനത്തിൻ്റെ വർദ്ധനവാണ് ഞായറാഴ്ച ഉണ്ടായിട്ടുള്ളത്. ശനിയാഴ്ച 2,995 ഉം വെള്ളിയാഴ്ച 3,095 ഉം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു.ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് ദിനംപ്രതിയുള്ള കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3823 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇന്നലത്തെ അപേക്ഷിച്ച് 830 കേസുകളുടെ വർദ്ധനയാണ് ഇന്നുണ്ടായിട്ടുള്ളത്. കൊവിഡ് ബാധിച്ച് 4 പേർ മരണപ്പെടുകയും ചെയ്തു.

രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 18,389 ആയി ഉയർന്നു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 4 കോടി 47 ലക്ഷത്തി 22,818 ആയി. ഇന്ന് 1,784 പേർ രോഗമുക്തി നേടിയതോടെ, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4 കോടി 41 ലക്ഷത്തി 73,335 ആയി ഉയർന്നു. രാജ്യത്ത് ആകെ 5 ലക്ഷത്തി 30,880 പേർ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യവ്യാപകമായി വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.66 കോടി ഡോസ് COVID-19 വാക്‌സിൻ നൽകിയിട്ടുണ്ട്.