ഉത്തർപ്രദേശ് ഷാപൂർ : 2020 ൽ സുരേഷ് റെയ്‌നയുടെ കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി റാഷിദ് എന്ന ഗുണ്ടാ നേതാവിനെ യുപി പൊലീസ് വെടിവെച്ചു കൊന്നു.ഷാപൂർ ഏരിയയിൽ ശനിയാഴ്ച്ച വൈകിട്ടുണ്ടായ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് വിശദീകരണം.
അന്തർസംസ്ഥാന ക്രിമിനൽ സംഘത്തെ പിന്തുടർന്നെത്തിയാണ് റാഷിദിനെ കണ്ടെത്തിയതെന്നും ഗുണ്ടാ സംഘമാണ് പൊലീസിനു നേരെ ആദ്യം വെടിയുതിർത്തതെന്നും പിടിഐ റിപ്പോർട്ടു ചെയ്യുന്നു. തിരിച്ചു വെടിവെച്ചപ്പോൾ റാഷിദ് കൊല്ലപ്പെട്ടുവെന്നും ഇയാൾക്കൊപ്പമുണ്ടായിരുന്നു കുട്ടാളികൾ രക്ഷപ്പെട്ടുവെന്നും ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.റാഷിദിന്റെ തലയ്ക്ക് യുപി പൊലീസ് 50,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
തട്ടിപ്പ്, കൊലപാതകം തുടങ്ങി ഒരു ഡസനോളം കേസുകളുള്ള ഗുണ്ടാ നേതാവാണ് റാഷിദ്. 2020 ൽ സുരേഷ് റെയ്‌നയുടെ അമ്മാവൻ അശോക് കുമാർ, മകൻ കൗശൽ, മറ്റൊരു ബന്ധു എന്നിവരെയടക്കം കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.കവർച്ചാശ്രമത്തിനിടയിലാണ് കൊലപാതകം നടന്നത്.സുരേഷ് റെയ്‌നയുടെ അമ്മായി ആശാ റാണി, മറ്റ് രണ്ട് ബന്ധുക്കൾ എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.ഏറ്റുമുട്ടലിൽ ഷാപൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ബബ്ലു സിംഗിന് വെടിയേറ്റു. ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.