വിദ്യാർത്ഥി പ്രക്ഷോഭം ഫലം കണ്ടു,ലൈംഗികാതിക്രമത്തിനു അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: ചെന്നൈ കലാക്ഷേത്രയിലെ പൂർവ വിദ്യാർത്ഥിയുടെ ലൈംഗിക പീഡന പരാതിയിൽ മലയാളി അധ്യാപകൻ ഹരി പത്മനെ ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. പഠനകാലയളവിലും അതിനു ശേഷവും അധ്യാപകൻ ലൈംഗിമായി പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെ പരാതിയിൽ സ്ത്രീത്വത്തെ അവഹേളിച്ചു എന്നതടക്കം മൂന്ന് വകുപ്പുകൾ ചുമത്തി ഐ പി സി 354 പ്രകാരം അഡയാർ വനിതാ പൊലീസ് കേസെടുത്തിരുന്നു.

ചെന്നൈ കലാക്ഷേത്രയിലെ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന്റെ പേരിൽ ഫാക്കൽട്ടി അംഗങ്ങളായ ഹരി പത്മൻ , സഞ്ജിത് ലാൽ, സായി കൃഷ്ണൻ, ശ്രീനാഥ് എന്നീ നാലുപേർക്കെതിരെ 90 ലധികം വിദ്യാർത്ഥികളാണ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് മുന്നിൽ രേഖാമൂലം പരാതി നൽകിയത്.കലാക്ഷേത്രയിൽ വിദ്യാർത്ഥികൾ നടത്തിവന്ന സമരം ഹരി പത്മനെതിരെ കേസെടുത്തതോടെയാണ് പിൻവലിച്ചത്.

വർഷങ്ങളായി വിദ്യാർത്ഥികൾക്ക് നേരേ ലൈംഗികാതിക്രമവും വംശീയ അതിക്രമവും നടന്നിട്ടും നടപടിയെടുക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്നാണ് തമിഴ്നാട് മുഖ്യമന്ത്രിക്ക് വിദ്യാർത്ഥികൾ കൊടുത്ത പരാതിയിൽ പറയുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരി പത്മനെ അറസ്റ്റ് ചെയ്‌തത്‌.കലാക്ഷേത്ര ഫൗണ്ടേഷനിലെ രുക്മിണീദേവി കോളേജ് ഫോർ ഫൈൻ ആർട്‌സിലെ അസിസ്റ്റന്റ് പ്രൊഫെസ്സറാണ് കൊല്ലം സ്വദേശിയായ ഹരി പത്മൻ.മൂന്ന് ദിവസം മുമ്പാണ് ഇയാൾക്കെതിരെ കേസെടുത്തത്. 2015 മുതൽ 2019 വരെ ഇവിടെ വിദ്യാർത്ഥിനിയായിരുന്ന യുവതി കോഴ്സ് തീരും മുമ്പ് പഠനം അവസാനിപ്പിച്ചിരുന്നു