പരീക്ഷ കഴിഞ്ഞിറങ്ങിയ പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ കള്ളം പറഞ്ഞു പറ്റിച്ചു വിവാഹം,അധ്യാപകൻ അറസ്റ്റിൽ

ചിറ്റൂർ : പ്രായപൂ‍ർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിനിയെ വഞ്ചിച്ച് വിവാഹം ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ.പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത ചലപതി എന്ന 33കാരനായ അധ്യാപകനെ പോക്സോ നിയമപ്രകാരം ആന്ധ്രാ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ കള്ളം പറഞ്ഞു വഞ്ചിച്ചാണ് അധ്യാപകൻ വിവാഹം നടത്തിയത്.

ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിലുള്ള ഗംഗാവരം മണ്ഡലിൽ വാർഷിക പരീക്ഷ കഴിഞ്ഞിറങ്ങിയ 17കാരിയെ തന്ത്രപൂ‍ർവം വിളിച്ചു വരുത്തി വിവാഹം നടത്തുകയായിരുന്നു.ഭാര്യയും ഒരു കുട്ടിയുമുള്ള പ്രതി പെൺകുട്ടിയെ നുണ പറഞ്ഞ് തിരുപ്പതിയിലെത്തിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.സത്യസന്ധനാണെന്നും വിശ്വസിക്കാമെന്നും സുരക്ഷിതമായി സംരക്ഷിച്ചു കൊള്ളാമെന്നും ഇയാൾ കുട്ടിയെ വിശ്വസിപ്പിക്കുകയായിരുന്നു.

സ്വകാര്യ ഇൻ്റ‍ർകോളേജിലെ അധ്യാപകനായ പ്രതി ഈ സ്ഥാപനത്തിലെ തന്നെ വിദ്യാർഥിനിയെയാണ് വിവാഹം ചെയ്തത്.തിരുപ്പതിയിലെ ഒരു ക്ഷേത്രത്തിൽ വെച്ച്‌ വിവാഹം നടന്നതിന് ശേഷമാണ് ഇയാളുടെ പെരുമാറ്റത്തിൽ പ്രശ്നമുള്ളതായി പെൺകുട്ടിയ്ക്ക് തോന്നിയത്. ഇതോടെ നടന്ന സംഭവം മുഴുവനായി പെൺകുട്ടി വീട്ടുകാരെ വിളിച്ച് അറിയിച്ചു. പെൺകുട്ടിയുടെ കുടുംബം ഗംഗാവരം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

ബൊമ്മനപ്പള്ളി സ്വദേശിയായ പ്രതി മൂന്ന് വർഷം മുൻപ് ഇവിടെയുള്ള ഒരു യുവതിയെ പ്രണയിച്ചു വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്. ഭാര്യ വീണ്ടും ഗ‍ർഭിണിയായിരിക്കേയാണ് വിദ്യാർഥിനിയുമായുള്ള അധ്യാപകൻ്റെ ഒളിച്ചോട്ടം.