മധു കേസിൽ 14 പേർ കുറ്റക്കാരെന്നു കണ്ട കോടതി വിധി നാളെ പറയും

പാലക്കാട്: കടയിൽ നിന്ന് അരി മോഷ്ടിച്ചെന്ന് ആരോപിച്ച്‌ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവായ മധുവിന്റെ കേസിൽ 16ൽ 14 പേരും കുറ്റക്കാരെന്ന് കോടതി.ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി.

നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൾ കരീം എന്നിവരെ വെറുതേവിട്ടു. 16 പേർക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്. മധുവിന്റെ സഹോദരി സരസുവിനും ബന്ധുക്കൾക്കും ഒപ്പം അമ്മ മല്ലിയും വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു.2018 ഫെബ്രുവരി 28ന് കടയിൽ നിന്ന് അരി മോഷ്ടിച്ചെന്ന് ആരോപിച്ച്‌ നാണ് മധുവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി അഞ്ച് വർഷത്തിന് ശേഷം പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.