സർക്കാറിന്റെ തെറ്റായ നയങ്ങളെ വിമർശിക്കുക എന്നത് പത്ര ധർമ്മമാണ് ,മീഡിയ വണ്‍ ചാനലിന്റെ ലൈസന്‍സ്‌ നാലാഴ്ചയ്ക്കകം പുതുക്കി നൽകണം. സുപ്രീം കോടതി

ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ മീഡിയ വണ്‍ വാര്‍ത്താ ചാനലിന്റെ സംപ്രേക്ഷണ വിലക്ക് റദ്ദാക്കി സുപ്രീംകോടതി. നാലാഴ്ചയ്ക്കകം ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.ചാനലിന്റെ വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധമാണെന്ന് കരുതാനാകില്ല. യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് മാധ്യമങ്ങളുടെ കടമയാണ്. ദേശ സുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

രാജ്യത്തെ എല്ലാ മാധ്യമങ്ങളും കൂടെ നിൽക്കണമെന്ന് ചിന്തിക്കുന്നത് തെറ്റായ കാര്യമാണ്.ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ളത് രാജ്യ വിരുദ്ധമല്ല.സത്യം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ബാധ്യത മാധ്യമങ്ങൾക്കുണ്ട്.സർക്കാരിനെ വിമർശിക്കുന്നത് ദേശ ദ്രോഹമല്ല.ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്.മീഡിയ വണ്‍ ചാനലിന്റെ ലൈസന്‍സ്‌ നാലാഴ്ചയ്ക്കകം പുതുക്കി നല്‍കണമെന്നും സുപ്രീം കോടതി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം,ദേശീയ പൗരത്വ രജിസ്റ്റർ,നീതിന്യായ വ്യവസ്ഥക്കെതിരെയുള്ള വിമർശനങ്ങൾ എന്നീ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര സർക്കാർ മീഡിയ വണ്‍ ചാനലിനെതിരെ നടപടിയെടുത്തത്.എന്നാൽ ഇവയൊന്നും ലൈസൻസ് റദ്ദാക്കാൻ മതിയായ കാരണങ്ങളല്ല എന്ന് കോടതി വ്യക്തമാക്കി.മുദ്ര വെച്ച കവറിൽ കോടതിയിൽ വിശദീകരണം നൽകിയത് നീതിന്യായ വ്യവസ്ഥയിൽ സ്വാഭാവിക നീതിയുടെ ലംഘനമാണ്.കോടതി വിമർശിച്ചു.

മീഡിയ വണ്‍ ചാനലിന് ആഭ്യന്തരമന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സില്ലെന്ന് കാണിച്ചു് കഴിഞ്ഞവര്‍ഷം ജനുവരി 31നായിരുന്നു കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയം ചാനലിന്റെ സംപ്രേഷണം നിർത്തിച്ചത്.സുരക്ഷാ ക്ലിയറന്‍സ് നിഷേധിക്കാന്‍ ആവശ്യമായ വസ്തുതകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.ചാനലിന്റെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടരുന്നതിനിടെ ലൈസന്‍സ് റദ്ദാക്കിയ കേന്ദ്ര നടപടി ഹൈക്കോടതി ശരിവെച്ചതോടെ ചാനല്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.