എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ

കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഒളിവിലായിരുന്ന ഷഹറൂഖ് സെയിഫ് എന്ന പ്രതിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ നിന്ന് സെൻട്രൽ ഇന്റലിജൻസും മഹാരാഷ്ട്ര എടിഎസും സംയുക്തമായി പിടികൂടി.രാജ്യം മുഴുവൻ ഷഹറൂഖ് സെയ്ഫിക്കായി തെരച്ചിൽ തുടരുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.

കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് അറസ്റ്റ് സംബന്ധിച്ചു് സ്ഥിരീകരണം നൽകിയിട്ടുണ്ട്.കേസിലെ പ്രതി പിടിയിലായെന്നും ഇതുമായി സഹകരിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും റെയിൽവേ മന്ത്രി പറഞ്ഞു.രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച ആക്രമണത്തിൽ മൂന്ന് മരണവും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.മുഖത്തും ശരീരത്തും പൊള്ളലേറ്റ പ്രതി രത്ന​ഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നും അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പോലീസിന്റെ പിടിയിലായതെന്നുമാണ് വിവരം.

പ്രതിയെ പിടികൂടിയ വിവരം വാർത്താ ഏജൻസിയായ എഎൻഐ സ്ഥിരീകരിച്ചിട്ടുണ്ട്.ട്രെയിൻ മാർ​ഗമാണ് പ്രതി രത്‌നഗിരിയിൽ എത്തിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കേരള പോലീസിന്റെ ഒരു സംഘവും രത്‌നഗിരിയിൽ എത്തിയിട്ടുണ്ട്.കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്‌മത്ത്,അവരുടെ സഹോദരി പുത്രി രണ്ടര വയസ്സുകാരി സഹ്‌റ,കണ്ണൂർ സ്വദേശി നൗഫിക് എന്നിവരാണ് മരിച്ചത്.