കരള്‍ മാറ്റ ശസ്ത്രക്രിയ വിജയം,ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ടു

കൊച്ചി: ഗുരുതരമായ കരള്‍ രോഗ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന നടൻ ബാലയുടെ കരള്‍ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞു.ശസ്ത്രക്രിയയ്ക്ക് ശേഷം ബാല സുഖമായിരിക്കുന്നു എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത.രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ബാലയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ.അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന ബാലയുടെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടു.

കരള്‍ രോഗ ബാധ ഗുരുതരമായതിനെ തുടര്‍ന്ന് കരള്‍ മാറ്റിവയ്ക്കുക എന്നത് മാത്രമായിരുന്നു ഡോക്ടര്‍മാര്‍ക്ക് മുന്നിലുണ്ടായിരുന്ന വഴി.ബാലയ്ക്ക് കരള്‍ നല്‍കാന്‍ ഒരുപാട് പേര്‍ തയ്യാറായെങ്കിലും ഏറ്റവും യോജ്യമായ വ്യക്തിയില്‍ നിന്ന് കരള്‍ സ്വീകരിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കരള്‍ ദാനം നല്‍കിയ ആളും ബാലയും സുഖമായിരിക്കുന്നു.ബാലയും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും ആഗ്രഹിച്ചതുപോലെ തന്നെ ശസ്ത്രക്രിയ വിജയകരമായി നടന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ് . ഒരുമാസത്തോളം അദ്ദേഹത്തിന് ആശുപത്രിയില്‍ തുടരേണ്ടി വരും.

കഴിഞ്ഞ ആഴ്ച ബാലയുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ ആശുപത്രിയില്‍ ഭാര്യ എലിസബത്തിനൊപ്പം കേക്ക് മുറിക്കുന്ന ഒരു വീഡിയോയിൽ ബാല വന്നിരുന്നു.അപകടമുണ്ടെങ്കിലും അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ആ വീഡിയോയില്‍ ബാല തന്റെ ശസ്ത്രക്രിയയെ കുറിച്ച് പറയുന്നത്.