ഇന്ന് പെസഹാ വ്യാഴം,ക്രിസ്തുവിന്‍റെ അന്ത്യഅത്താഴ സ്മരണയില്‍ ക്രൈസ്തവര്‍

കൊച്ചി : വിശുദ്ധവാരാചരണത്തിലെ പ്രധാന ദിവസമായ ഈസ്റ്ററിന് മുന്‍പുള്ള പെസഹാ വ്യാഴമാണ് ഇന്ന്.യേശു ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തിന്‍റെ സ്മരണ പുതുക്കി ആഗോള ക്രൈസ്തവ സമൂഹം പെസഹാ വ്യാഴം ആചരിച്ചു.കുരിശുമരണത്തിന് മുന്‍പ് തന്‍റെ ശിഷ്യന്‍മാര്‍ക്കൊപ്പം ക്രിസ്തു അന്ത്യ അത്താഴം കഴിച്ച ദിവസത്തിന്‍റെ ഓര്‍മ്മ പുതുക്കലാണ് ഓരോ പെസഹാ ദിനാചരണവും.

കേരളത്തിലെ ദേവാലയങ്ങളില്‍‌ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. പെസഹ അപ്പം മുറിക്കല്‍, കാല്‍ കഴുകല്‍ ശുശ്രൂഷകൾ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.അന്ത്യ അത്താഴത്തിന് മുന്‍പായി യേശു ശിഷ്യരുടെ കാല്‍ കഴുകിയതിനെ അനുസ്മരിച്ച് ഓരോ ദേവാലയത്തിനും കീഴിലുള്ള ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് പേരുടെ കാലുകള്‍ പുരോഹിതന്‍ കഴുകി ചുംബിക്കും.

തന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശു ക്രിസ്തു ലോകത്തിന് നൽകിയ എളിമയുടെ സന്ദേശത്തിന്റെ ഓര്‍മപ്പെടുത്തലാണ് ദേവാലയങ്ങളില്‍ നടത്തുന്ന കാല്‍ കഴുകല്‍ ശുശ്രൂഷയും പ്രാര്‍ഥനകളും.യേശു ക്രിസ്തുവിന്റെ കുരിശു മരണം അനുസ്മരിച്ച് ദുഃഖ വെള്ളി ആചരണം നാളെ ഉണ്ടാകും.കുരിശു മരണത്തിന്റെ മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ കുരിശിന്റെ വഴി ചടങ്ങുകളിലും വിശ്വാസികള്‍ പങ്കെടുക്കും