മദ്യപിച്ച് നൃത്തം ചെയ്‌തു ക്രമസമാധാന പാലനം,ഒടുവിൽ സസ്പെന്‍ഷന്‍

തിരുവനന്തപുരം : ഇടുക്കി പൂപ്പാറ മാരിയമ്മന്‍ കോവിലിലെ ഉത്സവത്തിനിടെ മതിമറന്നു നൃത്തം ചെയ്ത എസ്ഐക്ക് സസ്പെൻഷൻ.സംഭവസമയം ഇയാള്‍ മദ്യപിച്ചിരുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് ഇടുക്കി എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കി.സ്പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇടുക്കി എസ്‌പി ശാന്തൻപാറ എസ് ഐ കെ പി ഷാജിയെയാണ് സസ്പെന്‍ഡ് ചെയ്തത്.

ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള സുരക്ഷാ ഡ്യൂട്ടിക്ക് എത്തിയതായിരുന്നു എസ്ഐ ഷാജിയും സംഘവും.ക്ഷേത്രത്തിലെ ക്രമസമാധാന പാലനത്തിനിടെ ക്ഷേത്രത്തിലെ മൈക്ക് സെറ്റില്‍ നിന്ന് ‘മാരിയമ്മ കാളിയമ്മ’ എന്ന തമിഴ് ഗാനം കേട്ടതോടെ എസ് ഐ പിടിവിട്ട് നൃത്തം ആരംഭിച്ചു.എസ്ഐയുടെ എല്ലാം മറന്നുള്ള നൃത്തം നീണ്ടു പോയതോടെ നാട്ടുകാർ ഇടപെട്ടാണ് എസ്ഐയെ പിടിച്ചു മാറ്റിയത്.

നാട്ടുകാർ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.അന്വേഷണത്തിൽ ഡ്യുട്ടി മറന്ന് നൃത്തമാടുന്ന എസ്ഐ ഷാജി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.