ഉറക്കം ഉണർത്താൻ താമസിച്ചതിന്റെ പേരിൽ മകൻ അച്ഛനെ ക്രൂരമായി കൊലപ്പെടുത്തി

തൃശൂർ: ഉറക്കത്തിൽ നിന്നും എഴുന്നേൽപിക്കാൻ താമസിച്ചതിന് മകൻ അച്ഛനെ ആക്രമിച്ച് കൊലപ്പെടുത്തി.ഉറക്കത്തിൽ നിന്നും എഴുന്നേൽപിക്കാൻ താമസിച്ചതിന്റെ തർക്കത്തിനിടെ മകൻ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു.കോടന്നൂർ ആര്യംപാടം ചിറമ്മൽ വീട്ടിൽ അറുപത് വയസുള്ള ജോയിയാണ് മരിച്ചത്.

വൈകുന്നേരം അഞ്ചുമണിയോടെ പണി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ റിജോയെ പറഞ്ഞ സമയത്ത് വിളിച്ചുണർത്തിയില്ല എന്നപേരിൽ നടന്ന തർക്കമാണ് അച്ഛൻ ജോയിയുടെ കൊലപാതകത്തിൽ കലാശിച്ചത്.

വിളിക്കാൻ നേരം വൈകിയെന്നുപറഞ്ഞ് റിജോ വീട്ടുകാരുമായി വഴക്ക് തുടങ്ങി. ബഹളം മൂത്തപ്പോൾ അച്ഛനായ ജോയി ചോദ്യം ചെയ്തു. പിന്നെ വഴക്ക് അച്ഛനും മകനും തമ്മിലായി. വഴക്ക് മൂത്തപ്പോൾ റിജോ പിതാവിനെ നിലത്ത് തള്ളിയിട്ട് തല നിലത്ത് ഇടിക്കുകയും മർദിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.സാരമായി പരുക്കേറ്റ ജോയിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.