കേരളത്തിൽ ഉടനെത്തന്നെ ബിജെപി സർക്കാർ രൂപീകരിക്കും,കെ സുരേന്ദ്രൻ

ന്യൂ ഡല്‍ഹി: സംസ്ഥാനത്ത് അധികം വൈകാതെ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും വരും ദിവസങ്ങളിൽ കേരളത്തിലെ കോൺഗ്രസ് ,സിപിഎം,സിപിഐ പാർട്ടികളിൽനിന്നും കൂടുതൽ നേതാക്കൾ ബിജെപിയിൽ ചേരുമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

‘ഒരു വലിയ മാറ്റത്തിനാണ് അനിൽ ആന്‍റണി തുടക്കം കുറിച്ചിരിക്കുന്നത്. അനിൽ ആന്‍റണിയിലൂടെ പുറത്ത് വന്നിരിക്കുന്നത് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മനസാണ്. വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് സിപിഎം നേതാക്കൾ ബിജെപിയിൽ ചേരും. യുവാക്കൾക്ക് മാതൃകയാണ് നരേന്ദ്ര മോദി. മോദിയെ പിന്തുണച്ച് കൂടുതൽ നേതാക്കൾ രംഗത്ത് വരും. കേരളത്തിൽ മാറ്റമുണ്ടാകും, സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കും.’ സുരേന്ദ്രൻ പറഞ്ഞു.

മോദിയുടെ വികസന അജണ്ടയെ കുറിച്ച് കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാം. സബ്‌കാ സാത് സബ്‌കാ വികാസ് എന്നത് വെറുമൊരു മുദ്രാവാക്യമല്ല. ജനങ്ങള്‍ ഇതില്‍ ഒരുപാട് വിശ്വാസമര്‍പ്പിക്കുന്നുണ്ട്. സാധാരണ ജനങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ വികസന അജണ്ടയെ അംഗീകരിക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

ബിബിസിയുമായി ബന്ധപ്പെട്ട അനിലിന്‍റെ നിലപാടുകള്‍ ശ്രദ്ധിച്ചിരുന്നു. രാജ്യത്തിന്‍റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. അനില്‍ ആന്‍റണിയുടെ നിലപാടുകളാണ് ബിജെപിയെ ആകര്‍ഷിച്ചത്.രാജ്യത്തിന്‍റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. അനിലിന്‍റെ മനസ്സുള്ള നിരവധി ആളുകളുണ്ട്. രാജ്യത്തെ സ്‌നേഹിക്കുന്നവരാണ് ബിജെപിയിലേക്ക് വരുന്നത്. അവരുടെ മനസ്സ് മോദിയ്‌ക്കൊപ്പമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കെ സുരേന്ദ്രന്‍റെ സാന്നിധ്യത്തിലായിരുന്നു അനിൽ ആന്‍റണി ബിജെപി അംഗത്വം സ്വീകരിച്ചത്.