എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ പിടിയിലായ ഷാറുഖ് സെയ്ഫിക്ക് കേരളത്തിനു പുറത്തുള്ള സംഘത്തിന്റെ സഹായവും

തിരുവനന്തപുരം ∙ എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ പിടിയിലായ ഷാറുഖ് സെയ്ഫിക്ക് കേരളത്തിനു പുറത്തുള്ള സംഘത്തിന്റെ സഹായം ലഭിച്ചതായി അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. ഷാറുഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചതും ആവശ്യമായ സഹായങ്ങൾ നൽകിയതും ഇവരാണെന്നാണ് കേന്ദ്ര ഏജൻസികൾ പറയുന്നത്. ഷാറുഖ് സെയ്ഫിയുടെ ഫോൺ കോളുകളും സമൂഹമാധ്യമത്തിലെ ചാറ്റുകളും പരിശോധിച്ചപ്പോഴാണു കൃത്യമായ മുന്നൊരുക്കത്തോടെ നടത്തിയ ആക്രമണമാണെന്ന സൂചനകൾ ലഭിച്ചത്. വിശദമായ ചോദ്യം ചെയ്യലിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര–സംസ്ഥാന അന്വേഷണ ഏജൻസികൾ.

ഷാറുഖ് സെയ്ഫിയുടെ സ്വഭാവത്തിൽ അടുത്തിടെ ചില വ്യത്യാസങ്ങൾ ഉണ്ടായതായി കുടുംബം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. വീട്ടുകാരുമായുള്ള സംസാരം കുറഞ്ഞു. പുറത്തു നിന്നുള്ള ആളുകളുടെ പ്രേരണയാലാണ് ഈ മാറ്റങ്ങൾ വന്നതെന്ന് അടുപ്പമുള്ളവർ കരുതുന്നു. 4 കുപ്പി പെട്രോൾ ഷാറുഖിന്റെ കൈവശം ഉണ്ടായിരുന്നു. എന്നാൽ, ആക്രമണം നടത്താനുള്ള പരിശീലനം ലഭിക്കാത്തതിനാൽ പദ്ധതി വിജയിച്ചില്ല. പെട്രോൾ ഒഴിച്ചു തീ കത്തിക്കുന്നതിനിടെ ഷാറുഖിനും പൊള്ളലേറ്റു. സംഭവത്തിനുശേഷം കേരളത്തിൽനിന്ന് രക്ഷപ്പെടാനും പുറമേനിന്നുള്ള സഹായം ലഭിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ചിലരുടെ പ്രേരണയാലാണ് താൻ കുറ്റകൃത്യത്തില്‍ ഏർപ്പെട്ടതെന്ന് ഷാറുഖ് മഹാരാഷ്ട്ര എടിഎസിന് മൊഴി നൽകിയിട്ടുണ്ട്.പ്രതി കുറ്റം സമ്മതിച്ചതായി എഡിജിപി അജിത് കുമാർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. റെയിൽവേ പാളത്തിൽ കണ്ടെത്തിയ ബാഗ് ഷാറുഖ് സെയ്ഫിയുടേതാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. ട്രെയിനിൽ തീയിട്ടതിനു പിന്നാലെ മൂന്നുപേർ റെയിൽപാളത്തിൽ വീണുമരിച്ചതിൽ ഷാറുഖിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൊലക്കുറ്റവും ചുമത്തി. കേസ് എൻഐഎയ്ക്കു വിടാൻ ഇതുവരെ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിനുശേഷം ഇക്കാര്യത്തിൽ തീരുമാനത്തിലെത്തും.