കൊച്ചി ∙ പരുക്കുകളോടെ ആശുപത്രിയിലെത്തിച്ച എൺപത്തിയെട്ടുകാരി മരിച്ചത് അവർക്കു നേരെ നടന്ന പീഡനശ്രമത്തിനിടെയെന്നു തെളിഞ്ഞു. മരിച്ച സ്ത്രീയുടെ സഹോദരന്റെ മകനെ സംഭവവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്നലെ റിമാൻഡ് ചെയ്തു. 45 വയസ്സുള്ള പ്രതിയെ ഇന്നലെ ചോദ്യം ചെയ്തു. പ്രതിയുടെ അടുത്ത ബന്ധുക്കൾ, അയൽവാസികൾ എന്നിവരിൽ നിന്നു വിശദമായ മൊഴിയെടുക്കുമെന്ന് എസ്എച്ച്ഒ വിജയ്ശങ്കർ പറഞ്ഞു. പ്രതിയുടെ ഭാര്യ അടക്കമുള്ളവരെ പൊലീസ് ചോദ്യംചെയ്യും.
പീഡനശ്രമം ചെറുത്തപ്പോൾ സ്ത്രീയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചെന്നാണു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെയാണ് വയോധികയെ പ്രതിയും ബന്ധുക്കളും ചേർന്നു കച്ചേരിപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവർ നേരത്തേ മരിച്ചതായി ആശുപത്രിയിലെ പരിശോധനയിൽ വ്യക്തമായി. ഇവരുടെ മുഖത്തും കയ്യിലും പരുക്കുകളുണ്ടായിരുന്നു.ഈ പരുക്കുകൾ കണ്ടു സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. സ്ത്രീയുടെ സഹോദരന്റെ മകന്റെ പെരുമാറ്റത്തിലും മറ്റും സംശയം തോന്നിയ അയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പോസ്റ്റ്മോർട്ടത്തിൽ പീഡനശ്രമം വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അവിവാഹിതയായ വയോധിക എറണാകുളം നോർത്തിലെ ഇരുനില വീട്ടിൽ സഹോദരന്റെ മകനും ഭാര്യയ്ക്കുമൊപ്പമാണു താമസിച്ചിരുന്നത്.