കൊലക്കേസ് പ്രതി വാഹനാപകടത്തില്‍ മരിച്ചു, ടിപ്പര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു; തിരച്ചില്‍

തിരുവനന്തപുരം∙ പെരുങ്കടവിളയില്‍ കൊലക്കേസ് പ്രതി വാഹനാപകടത്തില്‍ മരിച്ചു. മാരായമുട്ടം ജോസ് വധക്കേസ് പ്രതി തോട്ടാവാരം സ്വദേശി രഞ്ജിത്ത് ആണ് ഇന്നു രാവിലെ പതിനൊന്നു മണിയോടെ ബൈക്കില്‍ ടിപ്പറിടിച്ച് മരിച്ചത്. അപകടം നടന്നയുടന്‍ ഓടി രക്ഷപ്പെട്ട ടിപ്പര്‍ ഡ്രൈവര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. അപകടത്തെ കുറിച്ച് മാരായമുട്ടം പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. പെരുങ്കടവിള തെള്ളുകുഴി എന്ന സ്ഥലത്താണ് അപകടം നടന്നത്. വടകര ജോസ് എന്നയാളെ മാരായമുട്ടം ബവ്റിജസ് ഔട്ട്‌ലെറ്റിനു മുന്നിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് രഞ്ജിത്. ഈ കേസിലെ മുഖ്യപ്രതി കാക്ക അനീഷ് പിന്നീട് കൊല്ലപ്പെട്ടു.