ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ച സംഘപരിവാറിന് അനുകൂലമായി ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരുടെ പ്രസ്താവനയെ ഗൗരവമായി കാണണം,സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം : ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ചവരാണ് സംഘപരിവാര്‍. അവരെ കൂടെനിര്‍ത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം പരിഹാസ്യമാണ്.ബിജെപി അനുകൂലമായി നടത്തുന്ന ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരുടെ പ്രസ്താവനയെ ഗൗരവമായി കാണണമെന്നും
പ്രസ്താവനകളുടെ അടിസ്ഥാനമെന്തെന്ന് ഗൗരവമായി ചിന്തിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.

സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടുകള്‍ ആപൽകരമാണെന്ന് തിരിച്ചറിഞ്ഞ് ക്രിസ്ത്യന്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ തന്നെ പ്രക്ഷോഭരംഗത്തിറങ്ങിയിട്ട് ദിവസങ്ങളായിട്ടേയുള്ളൂ.വിചാരധാരയിൽ ആന്തരിക ഭീഷണിയായി ക്രിസ്താനികളെ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ മിക്ക സ്ഥലങ്ങളിലും ക്രിസ്ത്യാനികൾക്ക് നേരെ അക്രമം ഉണ്ടായിക്കൊണ്ടിരിക്കുന്നു.ഇതിൽ കേരളം ഉൾപ്പെട്ടിട്ടില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾ‌ കാണാതെ പോകരുതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു

പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ സംഘപരിവാര്‍ ഉപയോഗിച്ച ഭീഷണിയും പ്രലോഭനവും ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളോടും ആരംഭിച്ചിരിക്കുകയാണ്. അരമനകള്‍ തോറുമുള്ള ബിജെപി നേതാക്കളുടെ യാത്രകള്‍ ഇതിന് അടിവരയിടുന്നതാണ്.ക്രിസ്ത്യൻ ജനവിഭാഗത്തിന് നേരെ പല രീതിയിലുള്ള ആക്രമണമാണ് നടക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ക്രിസ്തീയ സംഘടനകൾ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.

പ്രധാനമന്ത്രിമാരുടെ ചരിത്രത്തിൽ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തീഡ്രൽ സന്ദർശിക്കുന്നു, ക്രിസ്തീയ മതമേലധ്യക്ഷന്‍മാര്‍ തുടര്‍ച്ചയായി ബിജെപി അനുകൂല പ്രസ്താവനകള്‍ നടത്തുന്നു, ഗൗരവമായി ചിന്തിക്കണമെന്നും ശക്തമായ മതനിരപേക്ഷ കാഴ്ചപ്പാടുള്ള കേരള ജനത ഈ നാടകങ്ങളെ അവജ്ഞയോടെ തള്ളിക്കളയുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു