ഈഭൂമിനിൻറെയുമല്ല,എന്റെയുമല്ല.നിൻറെയുംഎൻറെയുംതന്തയുടേതുമല്ല, അല്ലാമ മുഹമ്മദ് ഇക്ബാലിന്റെ വരികൾ വീണ്ടും ഓർമിപ്പിക്കുന്നു ശശി തരൂർ

തിരുവനന്തപുരം : ശശിതരൂരിന്റെ കുറിപ്പ് വൈറൽ ആകുന്നു. ഇന്ത്യക്കാർക്ക് ഇന്ത്യയുടെ ചരിത്രം അറിയില്ല, ഇന്ത്യാ ചരിത്രത്തിൻറെ ഒരു കോപ്പി എല്ലാ വീടുകളിലുമെത്തിച്ചു കൊടുത്താൽ തീരുന്ന പ്രശ്നമേ ഇന്ത്യയിലുള്ളൂ.സത്യത്തിൽ ചരിത്രത്തിലുള്ള സാധാരണക്കാരന്റെ അറിവില്ലായ്മയെയാണ് സ്വന്തം നേട്ടങ്ങൾക്കായി ചിലർ ഉപയോഗിക്കുന്നത്.

“ഭൂരിഭാഗം ഇന്ത്യക്കാർക്കും ഇന്ത്യാചരിത്രം പോലും അറിയണമെന്നില്ല. വാസ്തവത്തിൽ ഇന്ത്യാ ചരിത്രത്തിൻറെ ഒരു കോപ്പി എല്ലാ വീടുകളിലുമെത്തിച്ചു കൊടുത്താൽ തീരുന്ന പ്രശ്നമേ ഇന്ത്യയിലുള്ളൂ. കാരണം ചരിത്രത്തിലുള്ള അജ്ഞതയെയാണ് ചിലർ കാലാ കാലമായി ബ്രെയിൻ വാഷിങിനായി ഉപയോഗിക്കുന്നത്. ഇതിനായി പലപ്പോഴും ഇന്ത്യ ഭരിച്ചിരുന്ന മുസ്ലിം രാജാക്കന്മാരെ കുറ്റപ്പെടുത്തും.

അക്കൂട്ടത്തിൽ ആരാധനാലയങ്ങൾ തകർത്തവരുണ്ട്. കൊള്ളയും കൊലയും നടത്തിയവരുണ്ട്. മതം മാറ്റിയവരുണ്ട്. ഇത് പറയുന്നവർ തന്നെയാണ് ചില സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലെ സിലബസ്സിൽ ഇന്ത്യാ ചരിത്രത്തിൽ നിന്നുള്ള മുസ്ലിം ഭരണ ചരിത്രം എടുത്ത് കളഞ്ഞത്.1193 മുതൽ 1857 വരെ തുടർച്ചയായി 7നൂറ്റാണ്ടോളമാണ് മുസ്ലിം ഭരണാധികാരികൾ ഇന്ത്യ ഭരിച്ചത്. മുസ്ലിം ഭരണത്തിനറുതിയുണ്ടാക്കിയ ബ്രിട്ടീഷുകാർക്ക് കഷ്ടിച്ചു 190 കൊല്ലമാണ് ഭരിക്കാനായത്. ഭരണം ഒരു നൂറ്റാണ്ട് തികയുന്നതിന് മുമ്പ് തന്നെ ബ്രിട്ടീഷുകാർക്ക് എതിരായി സമരം തുടങ്ങിയിരുന്നു.

എന്ത് കൊണ്ടാവാം 7 നൂറ്റാണ്ടോളം ഭരിച്ച മുസ്ലിം രാജാക്കന്മാർക്കെതിരെ ജനങ്ങൾ തിരിയാതിരുന്നത്? ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി കച്ചവടത്തിനായി വന്ന ബ്രിട്ടീഷുകാർ നടത്തിയത് കച്ചവടവും കോളനി വൽക്കരണവും മാത്രമല്ല. ഒരു തരം കൊള്ളയാണ്. അന്നത്തെ 4 ട്രില്യൺ ഡോളറാണവർ ഇന്ത്യയിൽ നിന്നും കടത്തിയത്.ഇതാരും മൈക്ക് കിട്ടിയാൽ വിളിച്ചു പറയില്ല. പകരം ചരിത്രത്തിൽ നിന്നും ചിലത് മാത്രം മാന്തിയെടുത്ത് വെറുപ്പിൻറെ രാഷ്ട്രീയം പറയും. അങ്ങിനെ വിമർശിക്കപ്പെടുന്നവരിൽ മുഗള ചക്രവർത്തിമാരായിരുന്ന ബാബറും ഔറംഗസേബുമാണ് മുന്നിൽ. ബാബറിന്റെ കാലത്ത് നിർമ്മിച്ച ഒരു പള്ളിയെ ചൊല്ലിയുണ്ടായ പുകിലും കോലാഹലങ്ങൾക്കും ശേഷം ആ വിവാദത്തിനൊരു ക്ലൈമാക്സും ഒടുക്കവും കണ്ടതാണ്.

1528ൽ ബാബറിന്റെ കാലത്താണ് പള്ളി നിർമ്മിച്ചതെന്നത് ഒരു നേരും 325 വർഷങ്ങൾക്ക് ശേഷമാണ് പള്ളിക്കെതിരെ പരാതി ഉയർന്നത് എന്നതും മറ്റൊരു നേരുമാണ്. ഔറംഗസേബ് വേറൊരു ലെവലാണ്. 49 വർഷം ഭരിച്ച ഈ ചക്രവർത്തിയാണ് വിവാദ നായകൻ. മത ഭ്രാന്തനായും ക്രൂരനായും വിമർശിക്കപ്പെടുന്നു. ഖജനാവിലെ നികുതിപ്പണത്തിൽ കയ്യിടാതെ സ്വകാര്യാ വശ്യങ്ങൾക്കായി ഖുറാൻ പകർത്തിയെഴുതിയും തൊപ്പി തുന്നിയും കണ്ടെത്തിയ പണത്തിൽ നിന്നും തൻറെ മരണാനന്തര ചെലവുകൾക്കായി അരപ്പട്ടയിൽ ബാക്കി വെച്ച ഔറംഗസേബിനെ പോലെ മതഭ്രാന്തനായ വേറൊരു ഭരണാധികാരിയെ ലോക ചരിത്രത്തിൽ മുങ്ങിത്തപ്പിയാലും കിട്ടില്ല.

ക്രൂരത അളന്നാൽ ജോർജ്ജ്‌ ബുഷിനും മുസ്സോളിനിക്കും ഹിറ്റ്ലർക്കും സ്റ്റാലിനും ഇടയിൽ അയാൾ വെറും ചീള് കേസല്ലേ? അപ്പോഴും ഗോവധം നിരോധിച്ചിരുന്ന ഔ റംഗസേബ് ഒരു സസ്യബുക്കായിരുന്നു എ ന്നതാണ് കൗതുകകരം! അതായത് പള്ളി നിർമ്മിച്ച മുഗളനെയാണ് നമുക്ക് പരിചയം. രാമായണവും മഹാഭാരതവും പേർഷ്യൻ ഭാഷയിലേക്ക് മൊഴി മാറ്റാനായി പറഞ്ഞ മുഗളരാജാവിനെ കുറിച്ച് അറിയില്ല. ഒരു സംസ്കാരത്തിൻറെ അടയാളപ്പെടുത്തലുകളായി ചാർമിനാറും കുത്തബ് മിനാറും താജ് മഹലും ചെങ്കോട്ടയും മുഗൾ ഗാർഡനും ആഗ്ര കോട്ടയും ഫത്തേഹ്ഫൂർ സിക്രിയുമുണ്ട്. ബംഗാളിലെ മുർഷിദാബാദ് നഗരം കണ്ട് ലണ്ടൻ ഒന്നുമല്ലെന്ന് റോബർട്ട് ക്ലൈവ് എന്ന വൈസ്രോയി സ്വന്തം പുസ്തകത്തിലാണ് എഴുതിയത്!അത്ര കണ്ട് സമ്പന്നമായിരുന്നു ഇന്ത്യ.

ആഭ്യന്തര ഉൽപാദന നിരക്കാണെങ്കിൽ 25% ആയിരുന്നു. ആ സമ്പന്നതയാണ് പോർച്ചുഗീസുകാരെയും ബ്രിട്ടീഷുകാരെയും ഇന്ത്യയിലേ ക്ക് വരാൻ പ്രേരിപ്പിച്ചത്. പക്ഷേ ബ്രിട്ടീഷു കാർക്കും പോർച്ചുഗീസുകാർക്കും ഏഴു നൂറ്റാണ്ട് മുമ്പ് തന്നെ അറബികൾ കച്ചവടത്തിനായി ഇന്ത്യയിൽ എത്തിയിരുന്നു. കടലിന് പോലും അറബിക്കടൽ എന്ന പേരുണ്ടായത് അങ്ങിനെയാണ്. നൂറ്റാണ്ടുകൾ കച്ചവടം ചെയ്ത അറബികൾ ഇന്ത്യയെ വെട്ടിപ്പിടിക്കാനോ കുളം തോണ്ടാനോ മെനക്കെട്ടില്ല.

ബ്രിട്ടീഷുകാർ ചെയ്തത് താജ് മഹൽ പോലും പൊളിച്ചു കടത്താനാണ്. രണ്ട് തവണ ലേലത്തിൽ വെച്ചതാണ്. ബാക്കിയാവാൻ കാരണം ഷിപ്പിംഗ് ട്രാൻസ് പോർട്ടേഷൻ ചിലവ് അധികമായത് കൊണ്ടാണത്രേ! പകരം താജ്മഹലിൽ പതിച്ച രത്നം പോലുള്ള കല്ലുകൾ അടിച്ചു മാറ്റി ബ്രിട്ടീഷുകാർ ഇന്ത്യയോട് സലാം
പറയുമ്പോൾ 25% ഉണ്ടായിരുന്ന ഇന്ത്യയുടെ ആഭ്യന്തര ഉല്പാദന നിരക്ക് 4.2% ആയി കൂപ്പ് കുത്തിയിരുന്നു. എന്ന് വെച്ചാൽ 190 വർഷം കൊണ്ട് ബ്രിട്ടീഷുകാർ ഇന്ത്യയെ ഒരു കരിമ്പിൻ ചണ്ടിയാക്കി മാറ്റിയിരുന്നു.

അത് കൊണ്ടാണ് നെഹ്രുവിന്റെ കാലത്ത് മലയാളികൾ താളും തകരയും തിന്ന് വിശ പ്പ് മാറ്റേണ്ടി വന്നത്. അത്ര കണ്ട് വറുതിയുടെ കാലമായിരുന്നുവത്. വിശപ്പ് മാറ്റാൻ ഭക്ഷണവും ചിലവാക്കാൻ കയ്യിൽ ചെമ്പുമില്ലാതെ തേരാപാര നടന്ന് ‘പിരാന്ത് ‘ ആയപ്പോൾ അവർ ഡബ്ബിപ്പെട്ടിയിൽ കുറച്ച്‌ ഡ്രസ്സുമെടുത്ത് വീട് വിട്ടിറങ്ങി ബോബെയിലേക്കോ മദിരാശിയിലേക്കോ വണ്ടി കയറി. ബോബെയിലേക്ക് പോയവർ കിട്ടിയ ജോലി ചെയ്ത് പാവും ബജിയും തിന്ന് ചേരികളിൽ ജീവിച്ചു. ചിലർ കള്ള ലോഞ്ചു കയറി. അവർ മരുഭൂമിയിലോ പാക്കിസ്ഥാനിലോ എത്തപ്പെട്ടു.

മദിരാശിക്ക് പോയവർ കൽക്കത്തയിലോ ബർമ്മയിലോ ശ്രീലങ്കയിലോ സിംഗപ്പൂരോ എത്തപ്പെട്ടു. പ്രാരാബ്ധങ്ങൾക്കിടയിലെ ആടു ജീവിതത്തി നിടയിൽ അറിഞ്ഞോ അറിയാതെയോ ബർമ്മയിലെയും പാകിസ്താനിലെയും സിംഗപൂരിലെയും പൗരന്മാരായി മാറിപ്പോയത് ഒരു ചാൺ വയറിനായി പരക്കം പായുമ്പോഴാണ്. നാടുംവീടും കുടുംബവും ഉപേക്ഷിക്കുന്നതും ചിതറിപ്പോവുന്നതും കൂട് വിട്ട് പറക്കുന്നതും ഒഴിവാക്കാനാവാത്ത ചുറ്റുപാടിലാണ്.

ശീതകാലമാവുമ്പോൾ ആകാശത്തിന്റെയും രാജ്യങ്ങളുടെയും അതിർത്തി താണ്ടി സൈബീരിയയിൽ നിന്നാണ് കടലുണ്ടിയിലേക്ക് സൈബീരിയൻ കൊക്കുകൾ പറന്ന് വരുന്നത്. അതിജീവനത്തിനായി വാസ സ്ഥലം മാറുന്ന പക്ഷികൾ പറയാത്തതാണ് ഉറുദു കവിയായ അല്ലാമ മുഹമ്മദ് ഇക്ബാൽ തൻറെ കവിതയിലൂടെ പറഞ്ഞത്, ഈഭൂമിനിൻറെയുമല്ല എന്റെയുമല്ല,നിൻറെയും എൻറെയും തന്തയുടേതുമല്ല,
ഈ ഭൂമിക്ക് അവകാശികളില്ല “