മുതിർന്ന നേതാവ് കെ.സി.ജോസഫിനെ സുധാകരൻ പരസ്യമായി അപമാനിച്ചു; അതൃപ്തിയില്‍ എ ഗ്രൂപ്പ്

തിരുവനന്തപുരം∙ ബിജെപിയുടെ സഭാ നയതന്ത്രത്തിന് മറുമരുന്നുമായി അരമനകൾ കയറിയിറങ്ങാൻ തീരുമാനിച്ചെങ്കിലും കോൺഗ്രസിൽ ഭിന്നത രൂക്ഷം. ബിജെപി നീക്കം ഗൗരവമായി കാണണമെന്ന് ചൂണ്ടിക്കാട്ടി കത്ത് നൽകിയ മുൻമന്ത്രി കെ.സി.ജോസഫിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പരസ്യമായി അപമാനിച്ചതിൽ എ ഗ്രൂപ്പിന് കടുത്ത അതൃപ്തി. കത്തിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പുമാരെ കാണുന്നതെന്നിരിക്കെ ജോസഫിനെ അപമാനിച്ചത് ശരിയായില്ലെന്ന് എ ഗ്രൂപ്പ് വിമർശിച്ചു.

തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സുധാകരൻ കെ.സി.ജോസഫിനെതിരെ പരാമർശം നടത്തിയത്. കെ.സി.ജോസഫിന്റെ കത്തിൽ ബിജെപി നേതാക്കളുടെ സന്ദര്‍ശനത്തെക്കുറിച്ച് നടത്തിയിരിക്കുന്ന പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘അപക്വമായിപ്പോയി’ എന്നായിരുന്നു സുധാകരന്റെ പ്രതികരണം. പാര്‍ട്ടിക്കകത്ത് ആരും കുത്തിത്തിരിപ്പുണ്ടാക്കിയില്ലെങ്കില്‍ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് എ ഗ്രൂപ്പ് കടുത്ത എതിർപ്പുമായി രംഗത്തെത്തിയത്. കെ.സി.ജോസഫ് കത്തുനൽകി 24 മണിക്കൂർ പിന്നിടും മുൻപേ മത മേലധ്യക്ഷൻമാരെ കാണാൻ തീരുമാനിച്ച കെപിസിസി പ്രസിഡന്റ്, പിന്നെ എന്തിനാണ് അദ്ദേഹത്തെ അപമാനിച്ചതെന്നാണ് അവരുടെ ചോദ്യം.

ന്യൂനപക്ഷ സമുദായത്തെ പ്രീണിപ്പിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളും അതിനോടുള്ള ബിഷപ്പുമാരുടെ പ്രതികരണവും ഗൗരവമായി കാണണമെന്നും രാഷ്ട്രീയകാര്യസമിതിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടാണ് മുതിർന്ന നേതാവ് കെ.സി.ജോസഫ് കെപിസിസി പ്രസിഡന്റിനു കത്തു നൽകിയത്.