ഖലിസ്ഥാൻ വാദി അമൃത പാൽ സിങ്ങിന്റെ ഭാര്യ കിരൺദീപ് കൗർ അറസ്റ്റിൽ

അമൃതസർ : ഖലിസ്ഥാൻ വാദിയും വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ തലവനുമായ അമൃത്പാൽ സിങ്ങിൻ്റെ ഭാര്യ കിരൺദീപ് കൗറിനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു.ലണ്ടനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പഞ്ചാബിലെ അമൃത്സറിലുള്ള ശ്രീ ഗുരു റാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് കിരൺദീപ് കൗറിനെ കസ്റ്റഡിയിലെടുത്തതെന്ന് പഞ്ചാബ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഉച്ചയ്ക്ക് 1.20 നുള്ള എയർ ഇന്ത്യ എഐ 169 വിമാനത്തിൽ അമൃത്സറിൽനിന്നു ലണ്ടനിലേക്ക് പറക്കാനായിരുന്നു കിരൺദീപ് കൗറിൻ്റെ നീക്കം.വിമാനത്താവളത്തിലെത്തിയ കിരൺദീപിനെ എമിഗ്രേഷൻ വിഭാഗം തടയുകയായിരുന്നു.അമൃതപാൽ സിങ് നേതൃത്വം നൽകുന്ന വാരിസ് പഞ്ചാബ് ദേ സംഘടനയ്ക്ക് ലഭിക്കുന്ന വിദേശ ഫണ്ടുമായി ബന്ധപ്പെട്ടു കിരൺദീപിനും പങ്കുണ്ടെന്നു പോലീസ് സംശയിച്ചിരുന്നു.

പഞ്ചാബിൽ ജനിച്ച കിരൺദീപ് വളർന്നതു ലണ്ടനിലാണ്. ഈ വർഷം ഫെബ്രുവരിയിൽ അമൃത് പാലിനെ വിവാഹം ചെയ്തതിന് ശേഷം പഞ്ചാബിൽ താമസമാക്കി.അമൃത്പാൽ സിങ് ഒളിവിൽ പോയതിനു പിന്നാലെ കിരൺദീപിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.