വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന​ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കൊല്ലം: കുളത്തൂപ്പുഴയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന്​ കൈമാറി.

കഴിഞ്ഞദിവസം വൈകിട്ട് ആറോടെ ചോഴിയക്കോട് മൂന്നുമുക്കിന്​ സമീപത്തായിരുന്നു സംഭവം.
മൂന്നുമുക്ക് സ്വദേശി രതീഷിന്‍റെ മകന്‍ വീട്ടുമുറ്റത്തിരുന്നു കളിച്ചുകൊണ്ടിരിക്കെ സമീപത്തെത്തിയ യുവാവ് കുട്ടിയെ കടന്നുപിടിച്ചു. ഇതുകണ്ട കൂട്ടുകാരൻ രതീഷ് ബഹളംവെച്ചതോടെ ഓടിയകന്ന യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ചു കുളത്തൂപ്പുഴ പൊലീസിന്​ കൈമാറുകയായിരുന്നു.

30 വയസ് തോന്നുന്ന തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ പരസ്പര വിരുദ്ധമായി സംസാരിക്കുന്ന യുവാവിനെ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായി കുളത്തൂപ്പുഴ പൊലീസ് അറിയിച്ചു