രാജ്യത്ത് ആശങ്കയുണർത്തി കോവിഡ് കേസുകൾ ഉയരുന്നു

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. എക്സ്ബിബി.1.16 എന്ന കോവിഡ് വേരിയന്റാണ് ഇപ്പോൾ കേസുകൾ ഉയരാൻ കാരണമായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,200 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായവർ 68,000 ത്തോളമായി.

ശനിയാഴ്ച മാത്രം 12,193 പേർക്കായിരുന്നു രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.ഡൽഹിയിലും കേസുകൾ വർധിക്കുകയാണ്. ഡൽഹിയിൽ ശനിയാഴ്ച 1,515 കോവിഡ് കേസുകളും ആറ് മരണങ്ങളും രേഖപ്പെടുത്തി. ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26,595 ആയി ഉയർന്നു.

വാക്സിൻ എടുക്കാത്തവർ നിർബന്ധമായും വാക്സിൻ എടുക്കണമെന്നും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും സർക്കാർ വ്യക്തമാക്കി.സമയോചിതവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കാൻ സംസ്താന സർക്കാരുകൾക്ക് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദ്ദേശം നൽകി. വാക്സിൻ എടുത്തതിനാലും കോവിഡ് പല തവണ വന്നുപോയതിനാലും പലരിലും പ്രതിരോധിശേഷി ഉണ്ടെന്നും അതിനാൽ ഇപ്പോൾ കോവിഡ് ബാധിച്ചാലും വലിയ പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു.