പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍,സുരക്ഷക്കായി 2026 പോലീസുകാർ

തിരുവനന്തപുരം : ഇന്ന് കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ സുരക്ഷക്കായി 2026 പോലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിട്ടുള്ളത്. ഇന്റലിജൻസ് റിപ്പോർട്ട് ചോർന്ന പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് കാെച്ചിയിലും തിരുവനന്തപുരത്തും വിപുലമായ പരിപാടികളാണ് ഉള്ളത്.

ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിയുടെ യുവം പരിപാടിയില്‍ സംവദിച്ച ശേഷം ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും.ബിജെപിയുടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ 15000 ത്തോളം പേർ പങ്കെടുക്കുന്ന റോഡ് ഷോയിൽ മോദി പങ്കെടുക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കൊച്ചിയിലെ നാവിക ആസ്ഥാനത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി 5.30 ന് നാവിക ആസ്ഥാനത്ത് നിന്ന് യുവം 2023 പരിപാടി നടക്കുന്ന എസ് എച്ച് കോളേജ് ഗ്രൗണ്ടി ലേക്ക് സംഘടിപ്പിക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും.

പതിനയ്യായിരം പേരെങ്കിലും റോഡ് ഷോ കാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.റോഡ് ഷോ നടക്കുന്ന 1.8 കിലോ മീറ്റർ റോഡിനിരുവശവും ബാരിക്കേഡ് കെട്ടി ആളുകളെ നിയന്ത്രിക്കും.എസ്എച്ച് കോളേജ് മൈതാനിയില്‍ സജ്ജമാക്കിയിട്ടുള്ള വേദിയില്‍ യുവജനങ്ങളുമായി സംവദിക്കുന്ന പ്രധാനമന്ത്രി വൈകുന്നേരം ഏഴു മണിക്ക് താജ് മലബാര്‍ ഹോട്ടലില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ള എട്ട് സഭാമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രണ്ടു ദിവസം കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. നാളെ രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി വന്ദേഭാരത് ട്രെയിനും കൊച്ചി വാട്ടർ മെട്രോയുമടക്കം നിരവധി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി കൊച്ചിയിലെത്തിയപ്പോള്‍ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവള വളപ്പില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ പ്രതീക്ഷിച്ച ജനമെത്താതിരുന്നതിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ആ ക്ഷീണം ഇത്തവണ തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കൊച്ചിയിലെ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. .

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിൽ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡി.സി.സി സെക്രട്ടറി ശ്രീകുമാര്‍ ഉള്‍പ്പടെ 12 കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലിലാണ്.