ഇളയ ദളപതി വിജയ് ഷ്ട്രീയത്തിലേക്കെന്ന് സൂചന,ആരാധക സംഘടന വിജയ് മക്കൾ ഇയക്കം സർവ്വെ ആരംഭിച്ചു

ചെന്നൈ: എം.ജി.ആറും കരുണാനിധിയും ജയലളിതയും വിജയകാന്തും കമൽഹാസനും പിന്നാലെ തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് ഇളയ ദളപതി വിജയ് യും ഇറങ്ങുന്നു. വിജയ് യുടെ മൗനാനുവാദത്തോടെ അദ്ദേഹത്തിന്റെ ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കം (വിഎംഐ) തമിഴ്‌നാട്ടിലുടനീളം പുതിയ സര്‍വ്വെ ആരംഭിച്ചിരിക്കുന്നു.

സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് തലത്തിലാണ് സര്‍വേ നടക്കുന്നത്. ജനങ്ങളുടെ രാഷ്ട്രീയ-സാമൂഹിക നിലപാടുകള്‍ അറിയുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വ്വെ സംഘടിപ്പിച്ചിരിക്കുന്നത്. പ്രത്യേക ഫോറം പൂരിപ്പിച്ചാണ് വിജയ് മക്കൾ ഇയക്കം അംഗങ്ങള്‍ വിവരങ്ങൾ ശേഖരിക്കുന്നത്. ആരാധക സംഘടനയെ ശക്തിപ്പെടുത്തി പാർട്ടിയാക്കി മാറ്റാനാണ് നീക്കം എന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഒരു രാഷ്ട്രീയ സംഘടനയെ പോലെ തന്നെ പ്രവർത്തിക്കുന്ന വിജയ് മക്കൾ ഇയക്കം കഴിഞ്ഞ തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയിപ്പിച്ചിരുന്നു. വിജയിച്ച 20 സ്ഥാനാർത്ഥികളെ വിജയ് നേരിട്ട് കണ്ടിരുന്നു.

വിജയ് മക്കള്‍ ഇയക്കം ജില്ലാ കമ്മിറ്റി യോഗങ്ങള്‍ നടന്നു വരികയാണ്. സംസ്ഥാന അധ്യക്ഷൻ പുസി ആനന്ദ് എല്ലാ യോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്. മുസ്ലിങ്ങള്‍, ക്രൈസ്തവര്‍, പിന്നാക്ക ജാതിക്കാര്‍ ഇവരെയാണ് പ്രധാനമായും വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യമിടുന്നത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് യുടെ ഇപ്പോഴത്തെ നീക്കമെന്നാണ് സൂചനകൾ.

മുൻപും ഇളയ ദളപതി വിജയ് യും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന ചർച്ചകൾ വന്നിരുന്നു. എന്നാൽ വിജയ് അത് നിഷേധിച്ചിരുന്നു