പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വന്ദേ ഭാരതും വാട്ടർ മെട്രോയും ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9. 30ന് കൊച്ചിയിൽ നിന്നും വിമാന മാർഗ്ഗം തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന പ്രധാനമന്ത്രി 10. 15ന് വിമാനത്താവളത്തിൽ എത്തും. 10.30 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ട്രെയിൻ ഫ്‌ലാഗ് ഓഫ് ചെയ്യും. 10.50 വരെ റെയിൽവേ സ്റ്റേഷനിൽ ചിലവഴിക്കും.11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ എത്തുന്ന നരേന്ദ്രമോദി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടീലും നിർവഹിക്കും. കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിക്കുന്നതാണ് ഇതിൽ പ്രധാനം.

ഡിജിറ്റൽ മെട്രോയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവ്വഹിക്കും. കേന്ദ്രസർക്കാർ കേരളത്തിൽ നടപ്പിലാക്കുന്ന 3200 കോടി രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണവും ഉണ്ടാവും. വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിന്റെ ഭാഗമാകും. 12.40 ന് പ്രധാനമന്ത്രി തിരികെ ഗുജറാത്തിലേക്ക് മടങ്ങും.