വന്ദേ ഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ് ചെയ്തു.

തിരുവനന്തപുരം:  വന്ദേഭാരത് ട്രെയിൻ സർവീസ് സെൻട്രൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാ​ഗ് ഓഫ് ചെയ്തു. രാവിലെ വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.

രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ ആയ കൊച്ചിന്‍ വാട്ടര്‍ മെട്രോയും വൈദ്യുതീകരിച്ച ദിണ്ഡിഗല്‍ – പളനി – പാലക്കാട് സെക്ഷനും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല – ശിവഗിരി സ്‌റ്റേഷനുകളുടെ പുനര്‍വികസനം,ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്,നേമവും കൊച്ചുവേളിയും ഉള്‍പ്പെടുന്ന തിരുവനന്തപുരം റെയില്‍വേ മേഖലയുടെ സമഗ്ര വികസനം, തിരുവനന്തപുരം-ഷൊര്‍ണ്ണൂര്‍ ഭാഗത്തെ വേഗം വര്‍ദ്ധിപ്പിക്കല്‍ എന്നീ പദ്ധതിക്കള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.

26 മുതൽ കാസർകോട്- തിരുവനന്തപുരം സർവീസും 28 മുതൽ തിരുവനന്തപുരം- കാസർകോട് സർവീസും ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 11 ജില്ലകളിലൂടെയാണ് വന്ദേ ഭാരത് കടന്നുപോകുന്നത്. തിരുവനന്തപുരത്തുനിന്നു പുലർച്ചെ 5.20 ന് പുറപ്പെടുന്ന സർവീസ് എട്ടുമണിക്കൂറുകൊണ്ട്, ഉച്ചയ്ക്ക് 1.25 ന് കാസർകോട് എത്തും.

ചെയർകാറും എക്സിക്യൂട്ടീവ് ചെയർകാറും എന്ന രണ്ടു തരത്തിലുള്ള സീറ്റിങ് ക്രമീകരണമാണ് വന്ദേ ഭാരതിൽ ഒരുക്കിയിട്ടുള്ളത്.തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് എക്സിക്യൂട്ടിവ് ചെയർകാറിന് 2880 രൂപയും എസി ചെയർകാറിന് 1590 രൂപയുമാണ് ടിക്കറ്റ് നിരക്ക്.ചെയർകാറിൽ 914 സീറ്റും എക്സിക്യൂട്ടീവ് ചെയർകാറിൽ 86 സീറ്റുമാണ് ക്രമീകരിച്ചിട്ടുള്ളത്.